KeralaNattuvarthaLatest NewsIndiaNews

ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ല: തോമസ് ഐസക്

ഇത് കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം

തിരുവനന്തപുരം: ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം വെളിവായെന്ന് തോമസ് ഐസക് പറഞ്ഞു.

Also Read:വീട്ടുകാരെ അതിവിദഗ്ധമായി പറ്റിച്ച് ഇന്‍സ്റ്റഗ്രാം കാമുകനൊപ്പംനാടുവിട്ട പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

‘റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളവും തമിഴ് നാടും അവതരിപ്പിക്കാനിരുന്ന നിശ്ചല ദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിന് ഒരു കാരണമേയുള്ളൂ. ആ പ്ലോട്ടുകളുടെ രാഷ്ട്രീയത്തിനോടുള്ള എതിർപ്പ്. കലാരൂപമെന്ന നിലയിലോ ആശയാവിഷ്കാരമെന്ന നിലയിലോ ഒരു നിലവാരവുമില്ലാത്ത പ്ലോട്ടുകളാണ് ഇക്കുറി പരേഡിൽ ഇടംപിടിച്ചത്. തരംതാണ കെട്ടുകാഴ്ചകളുടെ ഇടയിൽ നിന്ന് ലോകാരാധ്യനായ ഗുരുവിനെപ്പോലുള്ളവരെ ഒഴിവാക്കിയതിലുള്ള ആശ്വാസമാണ് 2022ലെ റിപ്പബ്ലിക് ദിന പരേഡ് ബാക്കിയാക്കുന്നത്’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ തെളിഞ്ഞത്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം കൂടി വെളിവായി. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളവും തമിഴ് നാടും അവതരിപ്പിക്കാനിരുന്ന നിശ്ചല ദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിന് ഒരു കാരണമേയുള്ളൂ. ആ പ്ലോട്ടുകളുടെ രാഷ്ട്രീയത്തിനോടുള്ള എതിർപ്പ്. കലാരൂപമെന്ന നിലയിലോ ആശയാവിഷ്കാരമെന്ന നിലയിലോ ഒരു നിലവാരവുമില്ലാത്ത പ്ലോട്ടുകളാണ് ഇക്കുറി പരേഡിൽ ഇടംപിടിച്ചത്. തരംതാണ കെട്ടുകാഴ്ചകളുടെ ഇടയിൽ നിന്ന് ലോകാരാധ്യനായ ഗുരുവിനെപ്പോലുള്ളവരെ ഒഴിവാക്കിയതിലുള്ള ആശ്വാസമാണ് 2022ലെ റിപ്പബ്ലിക് ദിന പരേഡ് ബാക്കിയാക്കുന്നത്.

കേരളത്തോടു ചെയ്തതു തന്നെയാണ് തമിഴ്നാടിനോട് ചെയ്തതും. അവർ അവതരിപ്പിക്കാനിരുന്നത് ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാരും സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാരും സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാരും ഉൾപ്പെട്ട നിശ്ചലദൃശ്യമായിരുന്നു. ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ വേലുനാച്ചിയാരും ചിദംബരനാരും ഭാരതിയാർക്കും എന്തു സ്ഥാനം? കാരണം പോലും വ്യക്തമാക്കാതെ തമിഴ്നാടിന്റെ പ്ലോട്ടിനും അനുമതി നിഷേധിച്ചു.

പരേഡിൽ അനുമതി കൊടുത്ത പ്ലോട്ടുകളുടെ നിലവാരം ഇന്നു കണ്ടു. നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്ക് ഇതിനേക്കാൾ നിലവാരമുണ്ട്. ഇതിനൊക്കെ അനുമതി നൽകുന്നവരുടെ തലച്ചോറിന് ഉൾക്കൊള്ളാൻ കഴിയുന്നവരല്ല കേരളവും തമിഴ്നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളിലുള്ളത്.

ഇത്തരം തരംതാണ തിരസ്കാരങ്ങൾ ഒരർത്ഥത്തിൽ നല്ലതു തന്നെയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയം ആഴത്തിൽ ചർച്ച ചെയ്യാൻ രാജ്യത്തിന് അവസരം ലഭിക്കുകയാണ്. ശ്രീനാരായണഗുരുവിനെയും വേലു നാച്ചിയരെയും ചിദംബരനാരെയും ഭാരതിയാരെയുമൊന്നും ഉൾക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന മോദികാലത്തെ തുറന്നു വിചാരണ ചെയ്യാനുള്ള സന്ദർഭങ്ങൾ അവർ തന്നെ സൃഷ്ടിക്കുകയാണ്. പുതിയ തലമുറയ്ക്ക് നമ്മുടെ നവോത്ഥാന നായകരെ പരിചയപ്പെടുത്താനും അവസരം ലഭിക്കുകയാണ്. ഒരർത്ഥത്തിൽ അതിന് ഇക്കൂട്ടരോടു നമുക്ക് നന്ദി പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button