Latest NewsNewsIndia

സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ തേങ്ങി രാജ്യം

ലതാ ദീതി ഒരിക്കലും മരിക്കില്ലെന്ന മുദ്രാവാക്യങ്ങളുമായി ജനലക്ഷങ്ങള്‍

ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ . സംസ്‌കാര ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ലത മങ്കേഷ്‌കറിന് അദ്ദേഹം പുഷ്പാഞ്ജലി അര്‍പ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Read Also : ‘ഉത്തർപ്രദേശിനെ കൊള്ളയടിക്കുക മാത്രമായിരുന്നു മുൻ സർക്കാരിന്റെ അജണ്ട’ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം. സുരക്ഷ മുന്നില്‍ക്കണ്ട് ശിവാജി പാര്‍ക്കിന്റെ 2,000 ചതുരശ്ര അടി സ്ഥലത്ത് സംസ്‌കാര നടപടികള്‍ക്കായി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. 25 കിലോഗ്രാം ചന്ദനത്തടികള്‍ ഉപയോഗിച്ചാണ് ഭൗതിക ദേഹം ദഹിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാനായി വൈകുന്നേരം മൂന്ന് മണിമുതല്‍ പാര്‍ക്കില്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിച്ചിരുന്നു. അവിടുത്തെ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ശിവാജി പാര്‍ക്കില്‍ എത്തിച്ചത്. ഭൗതിക ദേഹവുമായെത്തിയ വാഹനത്തെ ആയിരങ്ങളാണ് അനുഗമിച്ചത്. മുംബൈയിലെ ആശുപത്രിയിലും വീട്ടിലും സച്ചിന്‍, അമിതാഭ് ബച്ചന്‍, ശ്രദ്ധ കപൂര്‍, അനൂപം ഖേര്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലതമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേയ്ക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ല.

ലത മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. 1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്ര്യത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു.

സംഗീതത്തിനുളള ഏതാണ്ട് എല്ലാ പുരസ്‌ക്കാരങ്ങളും ഈ ഗാനവിസ്മയത്തെ തേടി എത്തിയിട്ടുണ്ട്. 36 ഭാഷകളിലായി 35,000ല്‍ അധികം ഗാനങ്ങള്‍ ലത മങ്കേഷ്‌കര്‍ ആലപിച്ചു. പ്രായഭേദമന്യേ ഏതൊരു സംഗീത ആസ്വാദകനെയും ഒരു പോലെ ആകര്‍ഷിക്കുന്ന ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങള്‍ എക്കാലവും ഇന്ത്യന്‍ സംഗീത ലോകം ആഘോഷമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button