News

സൗജന്യ തീർത്ഥയാത്രകൾ അനുവദിക്കും : ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാൾ ഉത്തരാഖണ്ഡിൽ എത്തിയിരുന്നു. ഹരിദ്വാറിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആത്മീയ തലസ്ഥാനമാകുന്നതോടെ, ഉത്തരാഖണ്ഡിലെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ടൂറിസം വളരുമെന്നും കെജരിവാൾ വ്യക്തമാക്കി. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ, അയോധ്യയിലേക്കും അജ്മീറിലേക്കും കർത്താർപൂർ ഗുരുദ്വാരയിലേക്കുമുള്ള സൗജന്യ തീർത്ഥയാത്രകൾ അനുവദിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു.

ഡൽഹിയിലെ മുഖ്യമന്ത്രി തീർത്ഥയാത്രാ യോജനയിലൂടെ 40,000-ഓളം പേർക്ക് രാജ്യത്തെ വിവിധ ആരാധനലായങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു. ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്‌രിവാൾ ഇടയ്ക്കിടയ്ക്ക് ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button