Latest NewsIndiaInternational

ലക്ഷദ്വീപിൽ വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കും: ഇനി എല്ലാവർക്കും റെഡി മെയ്ഡ് യൂണിഫോം, എതിർപ്പുമായി എസ്ഡിപിഐ

പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്.

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കാൻ നടപടികളുമായി കേന്ദ്രം. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് എസ്‌കെഎസ്എസ്എഫും എസ്ഡിപിഐയും. പരിഷ്‌കരണം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.

അതേസമയം, അടുത്ത അധ്യയന വര്‍ഷം നടപ്പില്‍ വരുന്ന യൂണിഫോം പരിഷ്‌കരണത്തിനായി ദ്വീപ് ഭരണകൂടം ടെന്‍ഡര്‍ വിളിച്ചു. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷര്‍ട്ടുമാണ് പുതിയ യൂണിഫോം. ആറുമുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഹാഫ് കൈ ഷര്‍ട്ടുമാണ് പുതിയ നിര്‍ദ്ദേശത്തിലുള്ളത്. പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്.

അടുത്ത വര്‍ഷം മുതല്‍, റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യാനാണ് ഭരണകൂടത്തിന്റെ നീക്കം. പതിമൂവായിരം വിദ്യാര്‍ത്ഥികളുള്ള ദ്വീപില്‍, ആറായിരത്തിലേറെയും പെണ്‍കുട്ടികളാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമിന്റെ ഭാഗമായി ടൈയ്യും ബെല്‍റ്റും കൂടി വരുന്ന രീതിയിലാണ് പരിഷ്‌കരണം. നിലവിലെ യൂണിഫോമിന്റെ നിറത്തിലും മാറ്റമുണ്ട്. നേരത്തെ വെള്ളയും നീലയുമായിരുന്ന യൂണിഫോം പരിഷ്‌കരണത്തോടെ ആകാശ നീലയും കടും നീലയുമായി മാറും.

അതേസമയം, ദ്വീപിലെ 96 ശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ വംശീയതയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല വിമര്‍ശിച്ചു. ‘ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണിത്. ദ്വീപില്‍ അധിവസിക്കുന്ന ജനതയുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസ്സപ്പെടുത്താനേ പുതിയ പരിഷ്‌കാരങ്ങള്‍ ഉപകരിക്കുകയുള്ളൂ’ എന്നും അവര്‍ പറഞ്ഞു.

ഇതിനിടെ, പരിഷ്‌കരണ നീക്കത്തിനെതിരെ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദ്വീപിലെ സംസ്‌കാരത്തിന് മേലുള്ള ആക്രമണമാണ് നീക്കമെന്നും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഇത് തടയുമെന്നും എസ്‌കെഎസ്എസ്എഫ് ചൂണ്ടിക്കാണിച്ചു. ദ്വീപിലെ ജനസമൂഹത്തിന്റെ വികാരത്തെ മാനിക്കാത്ത നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നതെന്നും അവര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button