KeralaAlpam Karunaykku VendiLatest NewsNews

ജന്മനാ ഉണ്ടായ മറുക് വലിയ മുഴകളായി മാറി, നിരവധി സർജറികൾ നടത്തി: വിദഗ്ധ ചികിത്സയ്ക്കായി സഹായം തേടി യുവാവ്

'തുടർച്ചയായി ചെറുതും വലുതുമായ മൂന്ന് സർജറികൾക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേയ്ക്ക് വരുകയും എന്നെ അവശനാക്കുകയും വലതു കൈക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു.'

പ്രഭുലാൽ പ്രസന്നൻ എന്ന യുവാവിനെ സോഷ്യൽ മീഡിയയിൽ പലർക്കും പരിചയമുണ്ട്. ഗായകൻ എന്ന നിലയിലാണ് പ്രഭുലാലിനെ ഏവർക്കും പരിചയമുള്ളത്. എന്നാൽ, പ്രഭുലാലിന്‌ ഉണ്ടായ മറുക് ശരീരത്താകെ അതീവ സങ്കീർണ്ണമായി ബാധിക്കുകയും, തുടർന്ന്, അദ്ദേഹം നിരവധി സർജറികൾക്ക് വിധേയനാകുകയും ചെയ്തു. എന്നാൽ, രോഗത്തിന് യാതൊരു കുറവും ഉണ്ടായില്ല. വലതു കയ്യുടെ സ്വാധീനം ഇല്ലാതാകുകയും ചെയ്തു. ഇപ്പോൾ എംവിആർ മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ രോഗം സ്കിൻ ക്യാൻസർ ആണെന്ന് മനസിലായത്. ഹൃദ്രോഗ ബാധിതനായ അച്ഛന് ലഭിക്കുന്ന ദിവസക്കൂലിയുടെ വരുമാനത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം രൂപയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ  ജീവിതത്തിലേക്ക് തിരികെ  വരാൻ  തനിക്ക്  ഓരോരുത്തരുടെയും കനിവും കാരുണ്യവും വേണമെന്ന്  അദ്ദേഹം പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയപ്പെട്ടവരെ,
ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ പ്രേരിപ്പിച്ചത്. ജനനം മുതൽ എന്റെ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക് എന്റെ മാതാപിതാക്കൾക്ക് ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സൃഷ്ടിച്ചു.
ഇച്ഛാശക്തിയും, മനോധൈര്യവും കൊണ്ട് അതെല്ലാം മറികടന്നു ഇവിടെ വരെയെത്തിയ ഞാനും എന്റെ കുടുംബവും വീണ്ടും ഒരു ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്.

2022 മാർച്ച്‌ മാസം ആദ്യം എന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർച്ചയായി ചെറുതും വലുതുമായ മൂന്ന് സർജറികൾക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേയ്ക്ക് വരുകയും എന്നെ അവശനാക്കുകയും വലതു കൈക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് വണ്ടാനത്തെ ചികിത്സ പര്യാപ്തമാകില്ല എന്ന് മനസ്സിലാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന പരുമല,പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലും എത്തിയെങ്കിലും അവിടെ ഒരിടത്തും എന്റെ ഈ അസുഖത്തിന് ചികിത്സ ലഭ്യമല്ല എന്ന് ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് എന്റെ സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ്‌ ആയി.

ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടർമാരായ ബഹു.നാരായണൻകുട്ടി വാര്യർ സാറിന്റെയും, ഡോക്ടർ ദിലീപ് ദാമോദരൻ സാറിന്റെയും നിർദേശപ്രകാരം ബയോപ്‌സി പരിശോധന, പെറ്റ് സ്കാൻ, മോളിക്കുലർടെസ്റ്റ്‌ ഇവയ്ക്ക് ശേഷം മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്നും ഇത് എന്റെ വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. എത്രയും പെട്ടെന്ന് തന്നെ ചികിത്സ അനിവാര്യമാണ് എന്ന് ആണ് ഡോക്ടർമാരുടെ അഭിപ്രായം.

ഇതിന് പരിഹാരമെന്നോണം ഡോക്ടർമാർ നിർദേശിക്കുന്നത് ഇമ്മ്യുണോ തെറാപ്പി എന്ന ചികിത്സാ രീതി ആണ്. ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യം ആയി വരുന്ന ഈ ചികിത്സ മാസത്തിൽ രണ്ട് പ്രാവശ്യം വീതം തുടർച്ചയായി ആറു മാസം നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35ലക്ഷം രൂപ വേണ്ടിവരുന്നു.
ഹൃദ്രോഗി ആണെങ്കിലും കൂലിപ്പണിക്കാരനായ എന്റെ പിതാവിന്റെ വരുമാനം മാത്രം ആണ് നിലവിൽ ഞങ്ങളുടെ ഏക വരുമാനം. അമ്മയും സഹോദരനും എന്നോടൊപ്പം ആശുപത്രിയിൽ ആണ്.

ഭീമമായ ഈ ചികിത്സാ ചിലവ് എന്റെ കുടുംബത്തിനു താങ്ങാവുന്നതിലും വളരെ വലുത് ആണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും കനിവും കാരുണ്യവും എന്റെ ചികിത്സാചെലവ് കണ്ടെത്താൻ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്,
പ്രഭുലാൽ പ്രസന്നൻ
Prabhulal P
A/c No: 67215731087
IFSC: SBIN0070076
Google pay: 9249121768
Contact No: 7994240652, 9633605726

shortlink

Related Articles

Post Your Comments

Related Articles


Back to top button