ArticleLatest NewsNews

‘ഒരേ ഒരു ഭൂമി’: 2022 പരിസ്ഥിതി ദിനവും ആപ്തവാക്യവും

ദാസ് നിഖിൽ

ഒരിക്കൽ, പ്രസിദ്ധ റഷ്യൻ മാഗസിനായ സ്പുട്നിക് ഒരു ചിത്രരചനാ മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണമായിരുന്നു മത്സരത്തിന്റെ വിഷയം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാമായിരുന്ന ആ മത്സരത്തിൽ, ഒന്നാം സമ്മാനം നേടിയത് എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ വരച്ച ചിത്രമാണ്. അസംഖ്യം ജനങ്ങൾ പങ്കെടുത്ത ആ മത്സരത്തിൽ, അവരെയെല്ലാം തോൽപ്പിച്ച് സമ്മാനം നേടിയ ആ ചിത്രം വളരെ നിസാരമായ ഒന്നായിരുന്നു. പെൻസിൽ കൊണ്ട് ഭൂമിയെ പ്രതിനിധീകരിക്കുന്ന ഒരു വട്ടം. അതിനു കീഴെ ഇങ്ങനെ എഴുതിയിരുന്നു, ‘ഇതല്ലാതെ മറ്റൊരു ഭവനമില്ല’.

ചെറുതെങ്കിലും, വളരെയധികം ചിന്തോദ്ദീപകമായ ആ ചിത്രം നിരവധി ആശയങ്ങൾ കൈമാറുന്നുണ്ട്. കരയോ, നദികളോ, സമുദ്രങ്ങളോ, പർവ്വതങ്ങളോ എന്തിനധികം, ബഹിരാകാശം പോലും മനുഷ്യർ മലിനമാക്കി കൊണ്ടിരിക്കുകയാണ്. 2019ലെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ 21 എണ്ണം ഇന്ത്യയിൽ ആയിരുന്നു. ഏറ്റവുമധികം മലിനീകരണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. അതുകൊണ്ടുതന്നെ, പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും നമ്മൾക്ക് ചെറിയ വിഷയമല്ല.

ഇന്ത്യയിലെ മലിനീകരണത്തിനു പ്രധാനകാരണം ഇനി പറയുന്നവയാണ്. 51 ശതമാനം വ്യാവസായിക മലിനീകരണവും 27 ശതമാനം വാഹനങ്ങൾ മൂലമുള്ള മലിനീകരണവും ആണ്. 17 ശതമാനം മലിനീകരണത്തിന് കാരണം, കാർഷിക ഉപോൽപ്പന്നങ്ങൾ കത്തിക്കുന്നതാണ്. ബാക്കിയുള്ള അഞ്ചു ശതമാനത്തിന് മറ്റു പലതരത്തിലുള്ള മലിനീകരണങ്ങൾ കാരണമാണ്.

 

50 വർഷങ്ങൾക്ക് മുമ്പ് സ്വീഡനിൽ നടന്ന സ്റ്റോക്ക്ഹോം കോൺഫറൻസിന്റെ ഫലമായി രൂപം കൊണ്ടതാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം. ജൂൺ 5 മുതൽ 16 വരെയാണ് കോൺഫറൻസ് നീണ്ടുനിന്നത്. ചർച്ചകൾക്കൊടുവിൽ, ജൂൺ 5 ആണ് പരിസ്ഥിതി ദിനമായി ആചരിക്കാൻ അംഗങ്ങൾ തിരഞ്ഞെടുത്തത്.

ഇന്ന്, അൻപത് വർഷങ്ങൾക്ക് ശേഷം, സ്വീഡൻ വീണ്ടും അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന് ആതിഥ്യം വഹിക്കുകയാണ്. രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. 1972-ലെ പ്രഥമ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യമായ ‘ ഒരേ ഒരു ഭൂമി’ തന്നെയാണ് അരനൂറ്റാണ്ടു കഴിഞ്ഞ് 2022ലെ ആപ്തവാക്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതല്ലാതെ, മറ്റൊരു ഭവനമില്ലെന്ന തിരിച്ചറിവിൽ ഉത്തരവാദിത്വത്തോട് കൂടി നമ്മൾക്ക് ഭൂമിയുടെയും പരിസ്ഥിതിയുടെയും പരിപാലനം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button