CricketLatest NewsNewsSports

ഐപിഎല്‍ സംപ്രേഷണവകാശം: ബിസിസിഐ സ്വന്തമാക്കിയത് ഭീമൻ തുക, വീതംവെക്കുക ഇങ്ങനെ..

മുംബൈ: അടുത്ത അ‍ഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശം വിറ്റതിലൂടെ ബിസിസിഐ സ്വന്തമാക്കിയത് ഭീമൻ തുക. 48,390 കോടി രൂപയാണ് ബിസിസിഐയുടെ കൈകളിലെത്തിയത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഐപിഎല്ലില്‍ കളിക്കുന്ന ഓരോ മത്സരത്തിനും ബിസിസിഐക്ക് ലഭിക്കുക 118.02 കോടി രൂപയാകും. ഇതോടെ ലോകത്തിലെ ഏറ്റവും സംപ്രേഷണമൂല്യമുള്ള രണ്ടാമത്തെ കായിക ടൂര്‍ണമെന്‍റെന്ന റെക്കോര്‍ഡും ഐപിഎല്ലിന് സ്വന്തമായി.

സംപ്രേഷണവകാശം വിറ്റതിലൂടെ ലഭിച്ച 48,390 കോടി രൂപയില്‍ പകുതി തുക ഐപിഎല്ലിന്‍റെ തുടക്കം മുതലുള്ള എട്ട് ഫ്രാഞ്ചൈസികള്‍ക്ക് തുല്യമായി വീതം വെക്കും. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കാണ് ഈ തുക ലഭിക്കുക.

എട്ട് ടീമുകള്‍ക്ക് തുല്യമായി വീതിക്കുമ്പോള്‍ ഓരോ ടീമിനും ഏകദേശം 3000 കോടി രൂപക്ക് അടുത്ത് തുക ലഭിക്കും. എന്നാൽ, കഴിഞ്ഞ‌ സീസണ്‍ മുതല്‍ പുതുതായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനും സംപ്രേഷണവകാശം വിറ്റതിലൂടെ ലഭിച്ച തുകയുടെ വിഹിതം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

ശേഷിക്കുന്ന 24,195 കോടി രൂപ കളിക്കാര്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കുമാണ് ബിസിസിഐ നല്‍കുക. നേരത്തെയുള്ള ഫോര്‍മുല പ്രകാരം 24,195 കോടി രൂപയുടെ 26 ശതമാനം ആഭ്യന്തര, രാജ്യാന്തര കളിക്കാര്‍ക്ക് വിതരണം ചെയ്യും. ബാക്കിയുള്ള 74 ശതമാനത്തില്‍ നാല് ശതമാനം ജീവനക്കാരുടെ ശമ്പളം നല്‍കാനായി മാറ്റിവെക്കും.

Read Also:- അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര: ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവും ത്രിപാഠിയും ടീമിൽ

ബാക്കി വരുന്ന 70 ശതമാനം സംസ്ഥാന അസോസിയേഷനുകള്‍ക്കിടയില്‍ വീതിച്ചു നല്‍കും. അതായത്, 24,195 കോടിയില്‍ ഏകദേശം 6290 കോടി കളിക്കാര്‍ക്കും 16,936 കോടി രൂപ ബിസിസിഐയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്കും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button