KeralaCinemaMollywoodLatest NewsNewsMenEntertainmentLife StyleReader's Corner

അച്ഛനെന്ന തണൽമരം: മലയാളത്തിലെ മികച്ച 5 ‘അച്ഛൻ’ പാട്ടുകൾ

മാതൃദിനം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പിതൃദിനവും. എല്ലാവര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര പിതൃദിനമായി ആഘോഷിക്കുന്നു. ജൂൺ 19 ആണ് ഈ വർഷം പിതൃദിനമായി ആഘോഷിക്കുന്നത്. ഏതൊരു വ്യക്തിയുടെയും ഭാവിയിലേക്കുള്ള അടിത്തറയുടെ രണ്ട് പ്രധാന സ്തംഭങ്ങൾ അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കളാണ്. അമ്മയും അച്ഛനും തങ്ങളുടെ കുട്ടികളെ കഴിയുന്നത്ര മികച്ച രീതിയിൽ വളർത്തുന്നു. പിതാക്കന്മാരോടുള്ള നമ്മുടെ വിലമതിപ്പും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള അവസരം ഫാദേഴ്‌സ് ഡേ നമുക്ക് നൽകുന്നു. അവരെ താരങ്ങളാക്കുന്ന സിനിമകളും പാട്ടുകളുമുണ്ട്. മലയാള സിനിമ അച്ഛന്റെ സ്നേഹത്തെയും കരുതലിന്റെയും വാഴ്ത്തിപ്പാടിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റു പാടി. അച്ഛൻ-മകൾ, അച്ഛൻ-മകൻ ബന്ധത്തെ വരച്ചുകാട്ടുന്ന ചില ഗാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കടലോളം വാത്സല്യം… താരാട്ടായ് തരുമച്ഛൻ…

അച്ഛന്റെ ഓർമ്മകൾ വന്നു നിറയുന്ന ഒരു പാട്ട് ആണ് മിന്നാമിന്നിക്കൂട്ടത്തിലെ ‘കടലോളം… വാത്സല്യം… താരാട്ടായ് തരുമച്ഛൻ’ എന്ന ഗാനം. അച്ഛന്റെ നിറഞ്ഞ സ്നേഹം കുറച്ചു സമയത്തേക്കെങ്കിലും വീണ്ടും അനുഭവിക്കാൻ കഴിയുന്ന പാട്ടാണിത്. പാട്ട് തീരുമ്പോൾ വീണ്ടും അച്ഛൻ കൂടെ ഇല്ലല്ലോ എന്ന ശൂന്യത. അനിൽ പനച്ചൂരാന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. അച്ഛൻ – മകൾ ബന്ധം വരച്ചുകാട്ടുന്ന ഗാനം പാടിയിരിക്കുന്നത് മഞ്ജരി ആണ്.

അണയാത്ത ദീപമാണച്ഛൻ…

‘സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം…’ ഈ ഗാനമില്ലാതെ ഈ ലിസ്റ്റ് പൂർണമാകില്ല. ഓരോ വരികളിലും അച്ഛനോടുള്ള ഇഷ്ടവും, അച്ഛന്റെ സ്നേഹവും, അച്ഛന്റെ പ്രാധാന്യവും ഇത്രമേൽ വിളിച്ച് പറയുന്ന മറ്റൊരു പാട്ടുണ്ടാകില്ല. കുഞ്ചാക്കോ ബോബൻ നായകനായ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ ഈ പാട്ടിന് ആരാധകർ ഏറെയാണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ ആണ് ഈണം പകർന്നിരിക്കുന്നത്. ബിജു നാരായണൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അച്ഛനായി ബാലചന്ദ്ര മേനോനും മകനായി കുഞ്ചാക്കോ ബോബനുമാണ് അഭിനയിച്ചിരിക്കുന്നത്.

മേലെ…. വെള്ളിത്തിങ്കൾ…

മോഹൻലാൽ – മീര വാസുദേവ് എന്നിവർ കേന്ദ്ര കഥാപാത്രമായ ‘തന്മാത്ര’യിലെ ‘മേലെ… വെള്ളിത്തിങ്കൾ… താഴെ… നിലയ്ക്കായാൽ…’ എന്ന പാട്ടിൽ അച്ഛന്റെയും മക്കളുടെയും സ്നേഹം വരച്ചുകാട്ടുന്നുണ്ട്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിത്താര ആണ്. കാർത്തിക് & മീനു എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം ഒരു കുടുംബത്തിന്റെ അസുലഭ മുഹൂർത്തങ്ങളാണ് പറയുന്നത്.

കുഞ്ഞിക്കാലടിയൊരടി തെറ്റുമ്പോൾ കൈ തന്നു കൂടെ വന്നു…

2003 ൽ എല്ലാവരും ഏറ്റു പാടിയ പാട്ട്. ദാസേട്ടൻ അതിമനോഹരമായി പാടി. ‘ഇന്നലെ… എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ… കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ…’ അച്ഛൻ ഒരു തീരാനോവായി അനുഭവപ്പെടുന്നവർക്ക് കുളിർത്തെന്നലായി മാറുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകർന്നത് എം ജയചന്ദ്രൻ ആയിരുന്നു. അച്ഛൻ – മകൻ ബന്ധം ഇത്രമേൽ ആഴത്തിൽ പതിയുന്ന ഗാനമോ വരികളോ ഇനി പിറന്നേക്കില്ല.

സ്നേഹത്തിൻ പൂഞ്ചോല…

1992 ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ‘സ്നേഹത്തിന് പൂഞ്ചോല…’ എന്ന് തുടങ്ങുന്ന ഗാനവും അച്ഛൻ – മകൻ ബന്ധമാണ് പറയുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജ ആണ് സംഗീതം നൽകിയിരിക്കുന്നത്. കെ.ജെ യേശുദാസ് പാടിയ ഗാനം ഇന്നും പലരുടെയും ലിസ്റ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button