Latest NewsSouth IndiaNewsIndia Tourism Spots

മുംബൈയിലെ താന്‍സ തടാകവും മനോഹരമായ വന്യജീവി സങ്കേതവും

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന മുപ്പതാമത്തെ നഗരമാണ് മുംബൈ. എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് മുംബൈയിലെ ടൂറിസം. എന്നാൽ, മുംബൈ എന്ന മഹാ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒരു മൂന്ന് മൂന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ മനോഹരമായ ഒരു പ്രദേശത്ത് എത്താം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള താന്‍സ നദിയോട് ചേര്‍ന്നുള്ള താന്‍സ തടാകവും അതിന് ചുറ്റുമുള്ള മനോഹരമായ വന്യജീവി സങ്കേതവും.

യഥാര്‍ത്ഥത്തില്‍ കൃത്രിമമായി നിര്‍മ്മിച്ച തടാകമാണ് താന്‍സ തടാകം. പിന്നീട് അതിന് ചുറ്റും മനോഹരമായ വന്യജീവി സങ്കേതം രൂപപ്പെട്ടുവരുകയായിരുന്നു. വന്യജീവി സങ്കേതത്തിലെ ജന്തുജാലങ്ങളും പക്ഷികളും, ജലാശയത്തിന്റെ വിശാലമായ പ്രദേശവും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. ഒപ്പം മനസ്സിന് കുളിര്‍മ നല്‍കുകയും ചെയ്യും. തടാകത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം, പ്രദേശത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഇലപൊഴിയും വനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വിവിധയിനം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ കേന്ദ്രമാണ് പ്രദേശം. 54 ഇനം സസ്തനികളും 250 ലധികം ഇനം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്. പ്രകൃതി സ്‌നേഹികള്‍, പ്രകൃതി സംരക്ഷകര്‍, പക്ഷി ശാസ്ത്രജ്ഞര്‍, പക്ഷി നിരീക്ഷകർ എന്നിവരുടെയും ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് ഈ സ്ഥലം.

ഭൂമി ശാസ്ത്രപരവും ചരിത്രപരവുമായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളും സമീപത്തുണ്ട്. താന്‍സ അണക്കെട്ട്, മഹുലി കോട്ട, സൂര്യമാല്‍ പീഠഭൂമി, തില്‍സയിലെ മഹാദേവ ക്ഷേത്രം തുടങ്ങിയവ മികച്ച സന്ദര്‍ശനയിടങ്ങളാണ്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ റിജീയണില്‍ ഉള്‍പ്പെടുന്ന താന്‍സ തടാകത്തിന്റെ സമീപ പ്രദേശങ്ങളിലും നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്.

ചൂട് നീരുറവകള്‍ക്ക് പ്രശസ്തമായ വജ്രശ്വേരി ഗണേഷ്പുരി താന്‍സയിൽ നിന്ന് 35 കിമീ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ഹില്‍ സ്റ്റേഷനായ ഇഗതപുരി, 54 കിമീ ദൂരത്തിലാണ്. തുംഗരേശ്വര്‍ നാഷണല്‍ പാര്‍ക്ക് 55 കിമീ അകലെയാണ്. മുംബൈ സെന്‍ട്രില്‍ നിന്ന് 90 കിമീ അകലെയാണ് താന്‍സ തടാകം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ/ മുംബൈ ആഗ്ര നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

താന്‍സ പ്രദേശത്തേക്ക് ഷഹാപൂരില്‍ നിന്നും ഭിവണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും 30 മിനിറ്റ് ഇടവിട്ട് സ്ഥിരം ബസുകള്‍ ലഭ്യമാണ്. മുംബൈയില്‍ നിന്ന് താനെയിലേക്കും ഭിവണ്ടിയിലേക്ക് ബസുകള്‍ ലഭിക്കും. ടാക്‌സി സൗകര്യങ്ങളും ലഭ്യമാണ്. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ 17 കിമീ അകലെയുള്ള ഷഹാപൂര്‍ ടൗണ്‍ സ്റ്റേഷനാണ്.

Read Also:- ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം 90 കിമീ അകലെയുള്ള ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണല്‍ എയര്‍പോര്‍ട്ടാണ്. താന്‍സ വന്യജീവി സങ്കേതം രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണിവരെ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. താന്‍സയിലും ഷഹാപൂര്‍ പട്ടണത്തിന് സമീപവും നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്.

shortlink

Post Your Comments


Back to top button