Latest NewsIndia

മതവികാരം വ്രണപ്പെടുത്തി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ ഡൽഹിയിൽ അറസ്റ്റിലായി

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹി പൊലീസാണ് 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയ പ്രസ്താവനയും വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായത്.

സുബൈറിനെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പ്രതീക് സിൻഹയുടെ ട്വീറ്റില്‍ പറയുന്നു. ഒരു പ്രത്യേക മതത്തെയും ദൈവത്തെയും ബോധപൂർവ്വം അപമാനിക്കുന്ന തരത്തിൽ മുഹമ്മദ് സുബൈർ ഒരു സംശയാസ്പദമായ ചിത്രം ട്വീറ്റ് ചെയ്‌തുവെന്നാരോപിച്ച് ഒരു ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയെ തുടർന്നാണ് ഡൽഹി പൊലീസ് കേസെടുത്തിരുന്നത്.

അത്തരം ട്വീറ്റുകൾ റീട്വീറ്റ് ചെയ്യപ്പെടുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഒരു സംഘം ഇതിനായി തന്നെ ഉണ്ടെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. അവർ അധിക്ഷേപം മുഴക്കുകയും അതുവഴി സാമുദായിക സൗഹാർദ്ദത്തിന് വിഘാതം സൃഷ്ടിക്കുകയും പൊതു സമാധാനം തകർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നു എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്.

നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സുബൈറിന്‍റെ ട്വീറ്റ് ആക്ഷേപകരമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതേത്തുടർന്ന് വന്ന റീട്വീറ്റുകളും കമന്‍റുകളും സമുദായിക സ്പർദ്ധ വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ  പ്രതിപാദിക്കുന്നു. സംഭവത്തിൽ, അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ‘മുഹമ്മദ് സുബൈറിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല’ – പൊലീസ് പറയുന്നു.

മുഹമ്മദ് സുബൈറിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ സുബൈറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button