MollywoodLatest NewsKeralaCinemaNewsIndiaParayathe VayyaEntertainmentWriters' Corner

‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു’ – ജോസ് തോമസ്

തിരുവനന്തപുരം: സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്നും രാജി വെയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി ഉയരുന്ന പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സിനിമാ പ്രവർത്തകനായ ജോസ് തോമസ്. രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാത്തതില്‍ ദുഃഖിക്കുന്ന വ്യക്തിയല്ല സുരേഷ് ഗോപിയെന്ന് ജോസ് തോമസ് തന്റെ പുതിയ വീഡിയോയിൽ പറയുന്നു. അധികാരത്തിന്റെ ശീതളിമയില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്ന ഒരാളല്ല സുരേഷ് ഗോപിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പറയുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ജോഷി സർ സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ സെറ്റില്‍ ചെല്ലുകയുണ്ടായി. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടടുത്ത സമയമാണ്. സുരേഷ് ഗോപിയെ എല്ലാവരും അഭിനന്ദിക്കുകയായിരുന്നു അപ്പോൾ. കാരണം, തൃശൂരില്‍ അദ്ദേഹം ജയിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അവിടെ വെച്ച് ഞാനും സുരേഷ് ഗോപിയും നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തിനിടെ ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു,

‘ജോസേ… നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഏതെങ്കിലും പള്ളിയോ, അങ്ങനത്തെ പ്രാർത്ഥനാലയങ്ങള്‍ വല്ലതും ഉണ്ടോ?’

ഞാന്‍ അങ്ങനെ ഒരു വിശ്വാസി അല്ലെന്ന് പറഞ്ഞു. നേർച്ച കാഴ്ച്ചകള്‍ അർപ്പിച്ചാല്‍ ഫലം ലഭിക്കുമെന്ന് പറയുന്ന ഏതെങ്കിലും പള്ളിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്നദ്ദേഹം വീണ്ടും ചോദിച്ചു.

ഞാൻ അപ്പോൾ അത്ഭുതപ്പെട്ടുപോയി!. എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത് എന്നതായിരുന്നു എന്റെ ചിന്ത. ജയിച്ച് കഴിഞ്ഞ് നേർച്ച നടത്താൻ ആണോ എന്ന് ഞാൻ ചിന്തിച്ചു. ഒടുവില്‍ അദ്ദേഹം തന്നെ പറഞ്ഞു…

‘ഒന്നുമില്ല… തൃശൂരില്‍ ഞാന്‍ തോറ്റുപോകാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?’!

അത് കേട്ടപ്പോള്‍ ഞാൻ പൊട്ടിച്ചിരിച്ചു. തമാശ ആയിട്ടാണ് ഞാൻ അത് എടുത്തത്. അദ്ദേഹം സീരിയസ് ആയി പറഞ്ഞു,

‘ഞാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്താൽ ആണ് അവിടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചത്. എനിക്ക് ഒരിക്കലും അവിടെ ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ജയിക്കാൻ വേണ്ടി അല്ല ഞാൻ മത്സരിച്ചത്. പക്ഷെ ഇപ്പോൾ എല്ലാവരും പറയുന്നു ഞാൻ ജയിക്കുമെന്ന്…’

അതിന്റെ കാരണമെന്തെന്ന് ഞാൻ ചോദിച്ചു.

‘എനിക്ക് ഈ നിയമസഭയില്‍ ഉള്ള ചില ആളുകളുടെ കൂടെ പോയിരിക്കാന്‍ താല്‍പര്യമില്ല’, അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ കുറിച്ച് ഞാന്‍ നേരത്തെ വിശദമായി പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം സിനിമാ രംഗത്ത് മാത്രമല്ല, കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മനുഷ്യരെ ചെറുതായി ഒന്ന് അകറ്റി നിർത്തിയോ എന്നൊരു സംശയം ഉണ്ടായിരുന്നു.

അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന ശേഷം, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്താലോ എന്നൊരു ആഗ്രഹം തോന്നിയ സമയത്ത് സിനിമാ മേഖലയിൽ ഉള്ളവർ എന്നോട് പറഞ്ഞത്, ‘അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്‌താൽ വടക്കൻ മലബാറിൽ ഒരു മനുഷ്യനും സിനിമ കാണില്ല’ എന്നായിരുന്നു.

അതിന്റെ പച്ചയായ അർത്ഥം, ഒരു മുസൽമാനും അദ്ദേഹത്തിന്റെ സിനിമ കാണില്ല എന്നായിരുന്നു!

അദ്ദേഹം ബി.ജെ.പിയുടെ എം.പിയാണ്. ബി.ജെ.പി എന്ന് പറഞ്ഞാൽ ഹിന്ദുത്വം അടിച്ചെല്പിക്കുന്ന ഒരു പാർട്ടി ആണ് എന്ന് ജനം വിശ്വസിക്കുന്നു.

ഞാൻ അപ്പോൾ എതിർത്തുകൊണ്ട് ആ നിർമ്മാതാക്കളോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചു. സുരേഷ് ഗോപി എന്ന് പറയുന്നയാള്‍ക്ക് ജാതി-മത ചിന്തകളൊന്നും ഇല്ലാത്തയാളാണ് എന്നൊക്കെ പറഞ്ഞു നോക്കി. അദ്ദേഹം ഹിന്ദുമതത്തില്‍ ജനിച്ചതുകൊണ്ടുള്ള വിശ്വാസം അല്ലാതെ, മറ്റു മതസ്ഥരെ മാറ്റി നിർത്തുന്ന സ്വഭാവം ഉള്ള ആളല്ല അദ്ദേഹം. തോമസ് ആയിരുന്നു എത്രയോ വർഷം അദ്ദേഹത്തിന്റെ മെയ്ക്കപ്പ് മാന്‍. തോമാച്ചന്‍ എന്ന് വിളിക്കുന്ന അദ്ദേഹം മരിച്ചുപോയി.

ഇത്രയൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ നിർമ്മാതാക്കളുടേയും സുഹൃത്തുക്കളുടേയും മറുപടി ‘ജോസ് തോമസെ… നിങ്ങള്‍ക്ക് അയാളെ വ്യക്തിപരമായി അറിയാം. എന്നാല്‍, പുറത്ത് നില്‍ക്കുന്ന ജനങ്ങള്‍ക്ക് അത് അറിയില്ലലോ, അല്ലെങ്കില്‍ ബി.ജെ.പിയെ എതിർക്കുന്നവർക്ക് അറിയില്ലല്ലോ. അതുകൊണ്ട് നമുക്ക് ഇത് ആലോചിക്കേണ്ട’- എന്നായിരുന്നു.

പക്ഷെ ആ നിർമ്മാതാക്കളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് വരനെ ആവശ്യമുണ്ടെന്ന അനൂപ് സത്യന്റെ സിനിമ സൂപ്പർ ഹിറ്റായപ്പോഴാണ്. ദുല്‍ഖർ സല്‍മാനാണ് ആ ചിത്രം നിർമ്മിച്ചത്. ഒരു മുസല്‍മാനായ ദുല്‍ഖർ ചിത്രം നിർമ്മിക്കുകയും പ്രധാനപ്പെട്ട കഥാപാത്രം സുരേഷ് ഗോപി അവതരിപ്പിക്കുകയും ചെയ്തു. മതവും രാഷ്ട്രീയവും ജാതിയും പറയുന്ന ആളുകള്‍ ഈ സിനിമയുടെ വിജയം അറിഞ്ഞില്ലേയെന്ന് ഞാന്‍ ആലോചിച്ച് പോയിട്ടുണ്ട്’, ജോസ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button