Latest NewsIndiaInternational

ബോറിസ് ജോണ്‍സണ് പകരം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ആദ്യമായി ഇന്ത്യന്‍ വംശജനും: ചരിത്രം തിരുത്താന്‍ ഋഷി സുനാക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയാനിരിക്കെ അടുത്ത ബ്രിട്ടീഷ് സര്‍ക്കാരിനെ നയിക്കാനുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ വംശജനും മുന്‍ മന്ത്രിയുമായ ഋഷി സുനാക് മുന്‍ നിരയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ യുകെയുടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചേരുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും ഋഷി സുനാക്.

കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ വിശ്വാസം നഷ്ട്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി സ്ഥാനം ഋഷി സുനാക് രാജിവെച്ചിരുന്നു. ലൈംഗീക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാടാണ് വിയോജിപ്പിന് കാരണമായത്. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകൾ അക്ഷാമൂര്‍ത്തിയുടെ ഭര്‍ത്താവാണ് ഋഷി സുനാക്. നാല്പ്പത്തിരണ്ടുകാരനായ ഋഷി സുനാകിനെ തന്റെ മന്ത്രിസഭയിലേക്ക് ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തെരഞ്ഞെടുത്തത്. 2020ല്‍ യുകെ മന്ത്രിസഭയില്‍ ട്രഷറി ചാന്‍സലറായ ഋഷി സുനാക് വഹിച്ച ആദ്യത്തെ മുഴുവന്‍ സമയ മന്ത്രിസഭാ പദവിയായിരുന്നു ഇത്.

വ്യാപാരികളേയും തൊഴിലാളികളേയും സഹായിക്കാന്‍ കൊവിഡ് മഹാമാരികാലത്ത് ബില്ല്യന്‍ പൗണ്ടുകളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ ഋഷി സുനാക് യുകെയില്‍ ജനകീയ മുഖമായി മാറി. പഞ്ചാബില്‍ നിന്നുള്ളവരാണ് ഋഷി സുനാകിന്റെ കുടുംബം. അതേസമയം, ഭാര്യക്ക് നിയമപരമായി ബ്രിട്ടീഷ് പൗരത്വമില്ലെന്നത് സംബന്ധിച്ച ആരോപണങ്ങൾ എതിരാളികളില്‍ നിന്നും ഋഷി സുനാക് നേരിടുന്നുണ്ട്.

യുഎസ് ഗ്രീന്‍കാര്‍ഡ്, ബ്രിട്ടന്റെ ജീവിതനിലവാരം സംബന്ധിച്ച പ്രതിസന്ധിയില്‍ പ്രതികരിക്കാനുള്ള വിമുഖത എന്നിവയെല്ലാം ഋഷി സുനാകിനെതിരെ എതിരാളികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ്. പുകവലിയോ മദ്യപാനമോ ഇല്ലാത്ത വ്യക്തിയെന്ന നിലയില്‍ ഋഷി സുനാക് ഏറെ ശ്രദ്ധേയനാണ്.

എന്നാല്‍, കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ച് ഡൗണിങ്ങ് സ്ട്രീറ്റില്‍ ഒത്തുകൂടിയതിന് ഋഷിക്ക് പിഴയോടുക്കേണ്ടി വന്നിരുന്നു. കൂടാതെ,
യുക്രെയിന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് യുകെ ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇന്‍ഫോസിസ് റഷ്യയിലെ ഓഫീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാകാത്തത് ഋഷി സുനാകിനെതിരെയുളള വിമര്‍ശനത്തിന് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button