KeralaLatest NewsIndia

നിർമ്മാണത്തിലെ അപാകത: ഇടുക്കി സത്രം എയർ സട്രിപ്പിന്‍റെ റൺവേയുടെ ഭാഗം തകർന്നു: ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമായത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രം എയർ സ്ട്രിപ്പിലെ വൻ മണ്ണിടിച്ചിലിന് കാരണമായത്. ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്.

കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണം. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നു. നൂറ് മീറ്ററിലധികം നീളത്തിൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വൻതോതിൽ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.

മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ലു നട്ടു പിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു. എന്നാൽ വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം മൂലവും പണികൾ നടന്നില്ല. ഫലത്തിൽ 12 കോടി രൂപ മുടക്കി എൻസിസിക്കായി നിർമ്മിച്ച റൺവേയിൽ അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെങ്കിൽ കോടികൾ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികൾക്കും മാസങ്ങൾ വേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button