Latest NewsNewsIndiaSports

കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. അവിനാശ് സാബ്‌ലെ, ട്രീസാ ജോളി, ഷര്‍മിള, ഡേവിഡ് ബെക്കാം, സലീമ തെത്തേ തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രിയുമായി ഗെയിംസിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.

‘അടുത്ത 10 ദിവസങ്ങളിൽ നിരവധി ഇന്ത്യൻ അത്‌ലറ്റുകൾ തിളങ്ങുന്നത് നമുക്ക് കാണാം. ഇന്നത്തെ നിരവധി അത്‌ലറ്റുകൾ ഇതിനകം മറ്റ് അന്താരാഷ്ട്ര കായിക ഇനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ, കന്നി സാഹസികതയ്ക്ക് പോകുന്നവർക്ക് ഞാൻ ആശംസകൾ നേരുന്നു. ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന 65 അത്‌ലറ്റുകൾ കായിക ലോകത്ത് ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ കോമൺവെല്‍ത്ത് ഗെയിംസിലുടനീളം ആരാധകര്‍ പിന്തുണയ്ക്കണമെന്ന് നരേന്ദ്ര മോദി നേരത്തെ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാന കായിക ഇനങ്ങളിൽ മത്സരിക്കുന്നതിന് മുമ്പ് അത്ലറ്റുകളെ പ്രചോദിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള സംവാദവും. കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് പോയ ഇന്ത്യൻ അത്‌ലറ്റുകളുമായും പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ പാരാ അത്‌ലറ്റുകളുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read:ദിൽഷ എന്ന ചാപ്റ്റർ കഴിഞ്ഞു, നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലത്: റോബിൻ രാധാകൃഷ്ണൻ

അതേസമയം, ബര്‍മിങ്ഹാമില്‍ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button