Latest NewsInternational

തീവ്രവാദ ഗ്രൂപ്പില്‍ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ഒമര്‍ ഖാലിദ് ഉൾപ്പെടെ 3 കൊടും തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂള്‍: തെഹ്‌രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ‍ റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന്‍ താലിബാ‍ന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്‌. മൂന്ന് കമാന്‍ഡര്‍മാരുടെ മരണം തീവ്രവാദ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പില്‍ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായി കണക്കാക്കപ്പെടുന്ന ഒമര്‍ ഖാലിദ് ഖൊറാസാനി എന്ന അബ്ദുള്‍ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് ഏഴിന് വൈകുന്നേരം അഫ്ഗാന്‍ പ്രവിശ്യയായ പക്തികയിലെ ബിര്‍മല്‍ ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാര്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് കമാന്‍ഡര്‍മാരും അഫ്ഗാനിസ്ഥാനിലെ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് ബിര്‍മലിലേക്ക് ഇവര്‍ യാത്ര ചെയ്തത്.

പുതിയ ഉടമ്പടി ചര്‍ച്ച ചെയ്യാനായി പാകിസ്ഥാന്‍ അധികൃതര്‍ തീവ്രവാദ ഗ്രൂപ്പ് നേതൃത്വവുമായി ബന്ധപ്പെടുന്ന സമയത്താണ് മൂന്ന് പേരും കൊല്ലപ്പെട്ട വാര്‍ത്ത വരുന്നത്. പാകിസ്ഥാനിലെ മൊഹമ്മന്ദ് ഗോത്ര ജില്ലയില്‍ പെട്ടയാളാണ് ഖൊറാസാനി. പാകിസ്ഥാന്‍ താലിബാന്റെ മൊഹമ്മന്ദ് ബ്രാഞ്ചിന്റെ ചുമതലക്കാരനാണ് ഇയാള്‍.

കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയോട് കൂറ് പ്രതിജ്ഞ ചെയ്ത ഒരു ഡസനോളം ടിടിപി കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു മുഫ്തി ഹസന്‍. പ്രധാന ടിടിപി കമാന്‍ഡറും ഖൊറാസാനിയുടെ അടുത്ത വിശ്വസ്തനുമായിരുന്നു കൊല്ലപ്പെട്ട ദൗലത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button