Latest NewsKeralaIndia

വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിന് നേരത്തെ ജയിലിലായെന്ന് റിപ്പോർട്ട്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻപുരയ്‌ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് എക്‌സൈസിന്റെ പിടിയിലായത്. പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇയാളെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടി കഞ്ചാവ് ഉപയോഗിക്കുന്നതിനെ ഇയാൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഇയാളും പെൺകുട്ടിയും തമ്മിൽ ലൈവിലായിരുന്നു സംഭാഷണം. പ്ലസ് ടു കഴിഞ്ഞിരിക്കുകയാണെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. കഞ്ചാവ് വലിക്കുന്നതിനെ പൊകയടി എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നീ പൊകയടി ഉണ്ടോ എന്ന് വ്‌ലോഗർ ചോദിക്കുമ്പോൾ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.

അത് പൊളിച്ചുവെന്നും ഗോ ഗ്രീൻ എന്നും പറയുന്ന വ്ലോഗർ, അത് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. താൻ 24 മണിക്കൂറും അടിയാണെന്നും നാട്ടിൽ വന്നിട്ട് അടിക്കാമെന്നും ഇയാൾ ഉറപ്പുനൽകുന്നു.സാധനം ഒന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പരിഭവം പറയുമ്പോൾ ഫോർട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ എന്നാണ് ഇയാൾ ചോദിക്കുന്നത്. തുടർന്ന് സുഹൃത്തിനോടൊപ്പം പോയപ്പോൾ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയെന്നും വീട്ടുകാർ ഇറക്കിക്കൊണ്ട് വന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.

കൂടാതെ പെൺകുട്ടിയുടെ പിതാവ് ആർമി ഉദ്യോഗസ്ഥനാണെന്നും അതിനാൽ വേഗം തന്നെ ഇറക്കാൻ കഴിഞ്ഞെന്നും പറയുന്നുണ്ട്. വീട്ടിൽ ഇപ്പോൾ തന്നോട് ആരും മിണ്ടുന്നില്ലെന്നും കുട്ടി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുമായി കഞ്ചാവ് വലിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. വീട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് നെവിൻ ഫ്രാൻസിസിന്റെ ദേഹപരിശോധന നടത്തിയപ്പോൾ അടിവസ്ത്രത്തിൽ നിന്നും 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനെ തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേയ്ഞ്ച് ഇൻസ്‌പെക്ടർ വി.എസ് പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button