KeralaLatest NewsEntertainment

തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ സിനിമയുടെ പരസ്യം: കാണില്ലെന്ന് സിപിഎം അനുഭാവികൾ

തിരുവനന്തപുരം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിനപത്രങ്ങളിലടക്കം നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ പരസ്യത്തിലെ വാചകങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച സജീവമായി.

‘തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്ന സിപിഎം അനുഭാവികൾ പറയുന്നു. ഇത്തരമൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധ മുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് സിനിമാ വിതരണക്കാരെന്ന് ഇടതുനിരീക്ഷകന്‍ പ്രേം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘വഴിയില്‍ കുഴിയുണ്ട് എന്നുറപ്പാണല്ലേ; ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ്; ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങള്‍ തെരഞ്ഞെടുത്തൊരു ജനകീയ സര്‍ക്കാര്‍’ എന്നും പ്രേം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വേറെയും ചില ഇടതു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ചിത്രം കാണുന്ന കാര്യത്തില്‍ ഇനി ആലോചിക്കണമെന്ന് പ്രതികരിക്കുന്നു. അതേ സമയം ചിത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് ആ വാചകങ്ങളിലുള്ളതെന്ന് ഒരു വിഭാഗം പ്രതികരിച്ചു. എന്നാൽ, ചിത്രത്തിന്റെ പരസ്യത്തിനെതിരെയുള്ള എതിര്‍പ്പ് അനാവശ്യമാണെന്നാണ് ഭൂരിപക്ഷം പേരുടെയും പക്ഷം. പരസ്യത്തെ അനുകൂലിച്ചു നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button