Latest NewsNewsInternational

മഹ്‌സയുടെ മരണം, ഇറാനില്‍ വന്‍ പ്രതിഷേധം: സംഘര്‍ഷങ്ങളില്‍ എട്ട് മരണം

വാഷിങ്ടണ്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മഹ്സയുടെ മരണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ മരിച്ചു.

എക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യുഎന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യവും തുല്യതയുമാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 15 നഗരങ്ങളിലാണ് വലിയ തോതില്‍ പ്രതിഷേധം അരങ്ങേറുന്നത്. പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് വാഹനങ്ങള്‍ക്കും വേസ്റ്റ് ബിന്നുകള്‍ക്കും തീയിട്ട പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധിക്കുന്നത്. ഇതേസമയം, രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button