Latest NewsNewsIndia

മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു: സീതാറാം യെച്ചൂരി

ഫത്തേഹാബാദ്‌: വിദ്വേഷ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ഫത്തേഹാബാദിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത ഐഎൻഎൽഡി റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ വിമർശനം ഉന്നയിച്ചത്. രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണെന്ന്‌ യെച്ചൂരി പറഞ്ഞു. ‘സമ്പന്നരുടെ പട്ടികയിൽ 330–-ാമത്‌ ആയിരുന്ന വ്യക്തി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്‌. ബിജെപി ഭരണത്തിൽ കോർപറേറ്റുകൾ മാത്രമാണ്‌ കൊഴുക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുകയാണ്‌. പൊതുമേഖലയെന്നത്‌ രാജ്യത്തിന്റെ സ്വത്താണ്‌. ജനങ്ങളാണ്‌ ഉടമകൾ. അവരുടെ അനുമതിയില്ലാതെയാണ്‌ മേൽനോട്ടക്കാരൻ മാത്രമായ കേന്ദ്ര സർക്കാർ പൊതുമേഖല അപ്പാടെ വിറ്റഴിക്കുന്നത്‌. പൊതുസ്വത്ത്‌ കൊള്ളയടിക്കുന്ന മേൽനോട്ടക്കാരനെ 2024ൽ നീക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നത്തെ രാഷ്ട്രീയത്തിൽ നഷ്‌ടമായത് ഉയർന്ന മനോവീര്യമാണെന്ന് പറഞ്ഞ യെച്ചൂരി, രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ 2024-ൽ നമ്മൾ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി പ്രതിപക്ഷം ഒന്നിക്കണമെന്നും വ്യക്തമാക്കി. വിദ്വേഷ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിൽ ആണെന്നും, വിദ്വേഷ രാഷ്ട്രീയം ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും വളർച്ചയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

‘ഈ ആളുകളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണം, അല്ലെങ്കിൽ നമുക്ക് ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല. എക്കാലവും ശാന്തിക്കും സമാധാനത്തിനുമായി നിലകൊണ്ട നേതാവാണ്‌ ദേവിലാൽ. സംഘപരിവാർ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്‌. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച്‌ ഭരിക്കുകയാണ്‌ ലക്ഷ്യം. സംഘർഷഭരിതമായ അന്തരീക്ഷം വികസനത്തെ പിന്നോട്ടടിപ്പിക്കും. ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത്‌ രാജ്യഭാവിക്ക്‌ അത്യന്താപേക്ഷിതമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും അടക്കമുള്ള ദുരിതങ്ങളിൽ സാധാരണക്കാർ നട്ടംതിരിയുകയാണ്‌. ജനകീയ പ്രശ്‌നങ്ങൾക്കൊന്നും സർക്കാരിന്‌ പരിഹാരമില്ല. ബിജെപിയുടെ വർഗീയഭരണം അവസാനിപ്പിക്കുകയെന്നതാണ്‌ ദേശഭക്തരായ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുക്കേണ്ട അടിയന്തര കടമ’, യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button