Latest NewsNewsInternational

കുടുംബ നിയമങ്ങളിൽ മാറ്റം: സ്വവർഗ വിവാഹവും വാടക ഗർഭധാരണവും ഇനി ക്യൂബയിൽ നിയമവിധേയം

ഹവാന: കുടുംബ നിയമം ഉടച്ച് വാർത്ത ക്യൂബ. കുടുംബത്തില്‍ സ്ത്രീകൾക്കും ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതൽ അവകാശം നൽകുന്ന മാറ്റങ്ങളിൽ വിപ്ലവ തീരുമാനമാണ് ക്യൂബ കൈക്കൊണ്ടിരിക്കുന്നത്. സ്വവർഗ വിവാഹത്തിനും വാടക ഗർഭധാരണത്തിനും രാജ്യത്ത് അംഗീകാരം. ഹിതപരിശോധനയിൽ 60 ശതമാനം ജനങ്ങളും പരിഷ്‌ക്കാരങ്ങൾക്ക് ഒപ്പം നിന്നതോടെ വമ്പൻ സാമൂഹിക മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

3.9 ദശലക്ഷത്തിലധികം വോട്ടർമാർ ഫാമിലി കോഡിൽ മാറ്റങ്ങൾ വേണമെന്ന തീരുമാനത്തിന് വോട്ടുചെയ്തപ്പോൾ (66.9%), 1.95 ദശലക്ഷം പേർ അംഗീകാരത്തെ എതിർത്തു (33%). ക്രൈസ്തവ സഭയുടെ എതിർപ്പ് ജനം പരാജയപ്പെടുത്തിയ ഫലത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്മീഷൻ പ്രസിഡന്റ് അലീന ബൽസെയ്‌റോ ഗുട്ടറസ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 1970 ൽ രാജ്യത്ത് നിലവിൽ വന്ന ഫാമിലി കോഡ് തന്നെ അടിമുടി പരിഷ്കരിക്കുകയാണ് രാജ്യം ചെയ്യുന്നത്. സ്വവർഗ വിവാഹത്തിന് പുറമെ കുടുംബ നിയമവുമായി ബന്ധപ്പെട്ട് മറ്റനേകം നിർദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്. ലോകത്ത്‌ കുടുംബനിയമങ്ങളിൽ കാലോചിത മാറ്റം വരുത്താനുള്ള നടപടിയെടുക്കുന്ന ആദ്യ രാജ്യമാണ്‌ ക്യൂബ.

100 പേജുള്ള ‘കുടുംബ കോഡിൽ’ സ്വവർഗ വിവാഹവും സിവിൽ യൂണിയനുകളും നിയമവിധേയമാക്കുന്നു. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകുന്നു. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള ഗാർഹിക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുന്നു.

Also Read:‘അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’: അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി

വാടക ഗർഭധാരണത്തിന് പുറമെ, ലിംഗ വിവേചനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നുമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും കൂടുതൽ നിയമ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ജനസംഖ്യയിൽ കേരളത്തേക്കാൾ ചെറുതാണ് ക്യൂബ. 1.25 കോടി ജനം മാത്രമാണ് ക്യൂബയിലുള്ളത്. ഈ ജനസംഖ്യയിൽ 60 ശതമാനത്തിലേറെ ക്രിസ്തു മതക്കാരാണ്. അതിനാൽ തന്നെ പുതിയ മാറ്റങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാജ്യത്ത് ഹിതപരിശോധന നടത്താൻ സർക്കാർ തയ്യാറായത്.

പരിഷ്കരണങ്ങളെ എതിർത്ത് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. വീടുകൾ തോറും കയറിയിറങ്ങി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രചാരണം നടന്നു. എന്നിട്ടും സർക്കാർ തീരുമാനത്തിന് ഒപ്പം നിൽക്കാനാണ് ക്യൂബൻ ജനത തീരുമാനിച്ചത്. യൂറോപ്യൻ രാഷ്ട്രങ്ങൾ കൂടുതൽ യാഥാർസ്ഥിതിക നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് ക്യൂബൻ ജനത ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ മാറ്റത്തിന് വിധേയമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button