KeralaLatest NewsNews

പേര് മാറ്റി കെ മന്തി എന്നിട്ടാലോ? കുഴിമന്തി ഇങ്ങളെ മാന്തിയോ? – കുഴിമന്തി നിരോധന പോസ്റ്റിൽ ദഹിക്കാതെ കമന്റുകൾ

സമൂഹമാധ്യമങ്ങളില്‍ തലപൊക്കി കുഴിമന്തി വിവാദം. തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് പുതിയ കുഴിമന്തി വിവാദത്തിന് കാരണമായിരിക്കുന്നത്. പോസ്റ്റിനെ പിന്തുണച്ച് സുനില്‍ പി ഇളയിടം അടക്കമുള്ള സാംസ്കാരിക നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദം കനത്തു.

‘ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്, കുഴിമന്തി’ എന്നാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് ശാരദക്കുട്ടി കുറിച്ചത്. പേരുംകൂടി ആകർഷകമായാലേ തനിക്ക് കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി പറയുന്നു.

പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട ചില കമന്റുകൾ ഇങ്ങനെ:

‘വി കെ ശ്രീരാമൻ നാളെമുതൽ ഷ’വർമ്മ’ മാത്രേ കഴിക്കൂ എന്നറിയിച്ചിട്ടുണ്ട്’.

‘സത്യം പറഞ്ഞാൽ 50 കൾ കഴിഞ്ഞ സകല സാംസ്കാരിക നായകന്മാരും വാ തുറക്കുന്നത് നിരോധിക്കണം’.

‘പ്രശ്നം കുഴിയായിരിക്കും, മന്തി ചമ്മന്തിയിലുമുണ്ടല്ലോ…’.

‘അതേസമയം അന്യ ഗ്രഹത്തിലെ ചർച്ച ‘കുഴി മന്തി’ എന്ന പേര് നിരോധിക്കണം എന്നതാണ്. ഓരോ പുരോഗമന സാംസ്ക്കാരിക വേവലാതികളേ
കുഴിയാണ് പ്രശ്നമെങ്കിൽ കുഴി മന്തി മാത്രമല്ല കുഴിയപ്പവും പ്രശ്നമാണ്. അത് നിരോധിക്കണമെന്ന് പറയുന്നില്ല. അപ്പോൾ കുഴിക്കല്ല പ്രശ്നം (കുഴി ഇപ്പോൾ ഒരു സാധാരണ കാര്യമായിട്ടുണ്ടല്ലോ), പ്രശ്നം മന്തിക്കാണ്’.

‘”കുഴിമന്തി” എന്നത് ഇനിമുതൽ “പാതാളച്ചോർ” എന്ന് പറയാം. അതാവുമ്പോൾ മാവേലിയുമായി ബന്ധപ്പെട്ട സംസ്കാരപദം കൂടിയാവുമ്പോൾ നല്ലൊരു പ്രാദേശിക വെറൈറ്റിയാവില്ലേ?’.

‘വിയോജിപ്പ് രേഖപ്പെടുത്തുന്നു – നിരോധനവാദം അപകടകരമാണ്’.

‘ഇതുവരെ കയ്ച്ചട്ടില്ല്യ.. പേര് മാറ്റി കെ മന്തി ന്നിട്ടാലോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button