KeralaLatest NewsNews

നരബലി: ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച്, തടഞ്ഞ് പോലീസ് – വിപുലമായ ക്യാംപെയിനുകൾ സംഘടിപ്പിക്കും

ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിലെ മുഖ്യപ്രതിയായ ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. പ്രതിഷേധ സൂചകമായിട്ടായിരുന്നു മാർച്ച്. മൃതശരീരം കുഴിച്ചെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു മാർച്ച് നടത്തിയത്. ഇതിനാൽ വഴിയില്‍വെച്ചുതന്നെ മാര്‍ച്ച് ആറന്മുള പോലീസ് തടഞ്ഞു. കേരളത്തില്‍ നരബലി ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

നവോത്ഥാന ആശയങ്ങളുടെ കരുത്തുകൊണ്ടും അതിന്റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരേ വിപുലമായ ക്യാംപെയിനുകൾ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി പറഞ്ഞു.

കൊച്ചിയില്‍ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയാണ് തിരുവല്ല ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയത്. സംഭവം പോലീസ് സ്ഥിരീകരിച്ചു. കടവന്ത്രയില്‍നിന്ന് സ്ത്രീയെ കാണാതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button