Prathikarana Vedhi

കനയ്യയുടെ താരപരിവേഷം ഇടതിന്റെ പാപ്പരത്വവും, കോൺഗ്രസിന്റെ നേതൃത്വമില്ലായ്മയും വെളിവാക്കുന്നില്ലേ?

ഒരു മണിക്കൂർ നീണ്ട ഒറ്റ പ്രസംഗം കൊണ്ട് കനയ്യ കുമാർ ഇന്ത്യയിലെ ബിജെപി വിരുദ്ധമുന്നണിയുടെ നായകപദവിയിലേക്കുയർന്നിരിക്കുകയാണ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ-യ്ക്കെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങൾക്ക് നാളിതുവരെ മൂർച്ച കുറവായിരുന്നു എന്നത് സത്യമാണ്. ഗവൺമെന്റിനെ എതിർക്കണമല്ലോ എന്നോർത്തു കൊണ്ട് നടത്തപ്പെട്ട ബഹളങ്ങളായിരുന്നു പലതും എന്നതാണ് വാസ്തവം. സഹപ്രവർത്തകരെപ്പോലും പ്രചോദിപ്പിക്കാൻ കഴിയാത്ത നേതൃത്വം കോൺഗ്രസിനു പ്രശ്നമായപ്പോൾ, നാൾക്കുനാൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന അടിത്തറ ഇടതു പക്ഷത്തിന് പ്രശ്നമായി.

ബീഫ് വിഷയം പോലുള്ളവ മോദി ഗവൺമെന്റ് കൈകാര്യം ചെയ്ത രീതിയിൽ ചില പാളിച്ചകൾ വന്നപ്പോൾ മാത്രമാണ് പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്ക് അൽപ്പം ജീവൻ വച്ചത്. പക്ഷെ, ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിൽ ഹിന്ദുവോട്ടർമാരെ സ്വാധീനിക്കാനായി 21 സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പിലാക്കിയത് കോൺഗ്രസാണെന്ന ദിഗ്വിജയ് സിങ്ങിന്റെ അവകാശവാദം പ്രസ്തുത വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി. തുടർന്ന് നാഷണൽ ഹെറാൾഡ് കേസും കൂടിയായതോടെ കോൺഗ്രസ് പൂർണമായും പ്രതിരോധത്തിലാകുകയും ചെയ്തു.

ഈ സമയത്താണ് ആദ്യം രോഹിത് വെമുലയുടെ ആത്മഹത്യയും, പിന്നീട് ജെഎൻയു വിവാദവും പ്രതിപക്ഷത്തിന് ഗവൺമെന്റിനെതിരെ പുതിയ യുദ്ധമുഖം തുറന്നുകൊടുത്തത്. ഈ വിഷയങ്ങൾ ഏറ്റെടുത്ത് ദളിത് പ്രശ്നങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം എന്നിവയുടെ ചാമ്പ്യനാകാൻ രാഹുൽഗാന്ധി പരമാവധി ശ്രമിക്കുകയും ചെയതു. സീതാറാം യെച്ചൂരിയെ മുന്നിൽനിർത്തി ഇടതുപക്ഷവും സാന്നിധ്യമറിയിക്കാൻ ശ്രമങ്ങൾ നടത്തി.

പക്ഷെ, ജെഎൻയു വിവാദം അതിന്റെ പരിസമാപ്തിയിലേക്കടുക്കുമ്പോൾ കോൺഗ്രസും ഇടതുപക്ഷവും പിൻനിരയിലേക്ക് തള്ളപ്പെട്ടു പോയി എന്നതാണ് വാസ്തവം. ഈ വിഷയത്തിൽ ആദ്യം മുതൽത്തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കനയ്യ കുമാർ, കോടതിയിൽ നിന്ന് ജാമ്യം കിട്ടിയതിന് ശേഷം ജെഎൻയു കാമ്പസിൽ തിരികെയെത്തി നടത്തിയ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലൂടെ താരപരിവേഷം ആർജ്ജിച്ചിരിക്കുകയാണ്. ഇപ്പോൾ കനയ്യയെ തോളിലേറ്റി നടക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസും, ഇടതുപക്ഷവും.

കോൺഗ്രസിന്റേയും, ഇടതുപക്ഷത്തിന്റേയും ദേശീയ നേതൃനിരയുടെ പരിതാപകരമായ അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കനയ്യയ്ക്ക് പ്രതിപക്ഷത്തിന്റെ ഇടയിൽ ലഭിച്ച സ്വീകാര്യതയെത്തുടർന്ന് മുൻ ജെഎൻയു വിദ്യാർത്ഥിയായ സീതാറാം യെച്ചൂരിയും പഠന കാലത്ത് ഒരു തീപ്പൊരി നേതാവായിരുന്നു എന്ന് സ്ഥാപിക്കാൻ സിപിഎം ശ്രമങ്ങൾ നടത്തി. അടിയന്തിരാവസ്ഥക്കാലത്ത് ജെഎൻയു കാമ്പസിൽ എത്തിയ ഇന്ദിരാഗാന്ധിയെ തടഞ്ഞു നിർത്തുന്ന യെച്ചൂരി എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ അവർ വൻ ഫോട്ടോപ്രചരണം ഒക്കെ നടത്തി. പക്ഷെ ഇത് കെട്ടിച്ചമച്ചതായിരുന്നു എന്ന് തെളിഞ്ഞതോടെ പി രാജീവിനെപ്പോലെ അച്ചടക്കമുള്ള ഇടതു നേതാക്കൾ വരെ പരസ്യമായി മാപ്പു പറയാൻ നിർബന്ധിതരായി. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുമായി യാതൊരു വിധത്തിലുള്ള ബന്ധങ്ങളും ഇല്ലാതെ, ഇടതുപക്ഷ ബുദ്ധിജീവി വൃത്തങ്ങളിൽ മാത്രം പ്രവർത്തനമേഖല ഒതുങ്ങിപ്പോയ ഈ ദേശീയ നേതൃനിരയാണ് സിപിഎംന്റെ ശൈഥില്യത്തിന്റെ മുഖ്യകാരണം.

ദളിത് പ്രശ്നങ്ങളുടെ ചാമ്പ്യന്മാരാകാൻ ശ്രമിക്കുമ്പോഴും കോൺഗ്രസിലേയും, സിപിഎംമ്മിലേയും പ്രധാന ചുമതലകളിലുള്ള ദളിത് പ്രാതിനിധ്യം പരിതാപകരമായ അവസ്ഥയിലാണെന്നതാണ് പരമാർത്ഥം. സിപിഎംമ്മിന് നാളിതുവരെയായി ഒരു ദളിത് നേതാവില്ലാത്തതിനെ വിമർശിച്ചത് രോഹിത് വെമുല തന്നെയായിരുന്നു. ഈ വിഷയം പരാമർശിക്കവേ സീതാറാം യെച്ചൂരിയേയും എസ്എഫ്ഐയേയും രോഹിത് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. രോഹിതിന്റെ പ്രസ്തുത വിമർശനം സ്മൃതി ഇറാനി പാർലമെന്റിൽ ഉന്നയിച്ചപ്പോൾ മറുപടിയൊന്നുമില്ലാതെ തലകുനിച്ചിരിക്കേണ്ട ഗതികേടിലായിരുന്നു യെച്ചൂരി.

ചുരുക്കത്തിൽ, കനയ്യക്ക് ഇപ്പോൾ ലഭിക്കുന്ന ഈ താരപരിവേഷം; ഒരു വിഷയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അതേറ്റെടുത്ത് പരിഹാരം കാണുന്നത് വരെ അക്ഷീണമായ സംഘർഷം നടത്താനുള്ള കോൺഗ്രസ് നേതൃനിരയുടെ കഴിവില്ലായ്മയും, കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രസക്തി തീർത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്റെ പാപ്പരത്വവുമാണ് തുറന്നുകാണിക്കുന്നത്. ഈ രണ്ടു കൂട്ടരും കനയ്യയെ തങ്ങളുടെ “പോസ്റ്റർ ബോയ്” ആക്കാനുള്ള ശ്രമങ്ങൾ തുടരുക തന്നെ ചെയ്യും.

എങ്ങിനെയും ബിജെപിയെ എതിർക്കുക എന്ന ഒറ്റ രാഷ്ട്രീയ ലക്ഷ്യത്തിലൂന്നി ഈ രണ്ടു പക്ഷവും നടത്തുന്ന പൊറാട്ടുനാടകങ്ങളിൽ കുടുങ്ങാതെ നോക്കേണ്ടത് കനയ്യ കുമാർ തന്നെയാണ്. ഇവരുടെ കൈയിലെ രാഷ്ട്രീയചട്ടുകമായി മാറി മറ്റൊരു ഹാർദിക് പട്ടേലായി മാറില്ല കനയ്യ കുമാർ എന്നുപ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button