Latest NewsKerala

യുവതിയെ ആക്രമിച്ച സംഭവം: മന്ത്രി റോഷി അഗസ്റ്റിന്റെ പ്രെെവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ, ഇന്ന് തിരിച്ചറിയൽ പരേഡ്

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിലെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. ഇയാൾ മന്ത്രി റോഷി അഗസ്റ്റിൻറെ പ്രെെവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പത്ത് വർഷമായി ജലവിഭവ വകുപ്പിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്.

ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാൾ രാത്രി നഗരത്തിൽ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. നിലവിൽ പേരൂർക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും. അതേസമയം, മ്യൂസിയത്തിൽ ലൈംഗികാതിക്രമം നടത്തിയത് ഇയാൾ ആണോയെന്ന് സ്ഥിരീകരണമായിട്ടില്ല. ഇയാൾ തന്നെയാണോ പ്രതിയെന്ന് സ്ഥിരീകരിക്കാൻ ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തും. അക്രമത്തിനിരയായ യുവതി എത്തി ആളെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മ്യൂസിയത്തിൽ രാവിലെ നടക്കാനിറങ്ങിയപ്പോൾ കാറിൽ വന്നിറങ്ങിയ ആളാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. താടിവെച്ച, നല്ല പൊക്കവും ശരീരക്ഷമതയുമുളള ഒരാളാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സ്ത്രീയുടെ മൊഴി. ഇതനുസരിച്ച് പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എൽഎംഎസ് ജംങ്ഷനിൽ വാഹനം നിർത്തിയിട്ട ശേഷം നടന്നുവന്നാണ് പ്രതി യുവതിയെ ആക്രമിച്ചത്. തുടർന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു .

shortlink

Post Your Comments


Back to top button