Latest NewsNewsIndia

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ നാലിടത്ത് ബിജെപിക്ക് മുന്നേറ്റം

ആദ്യ ഫലസൂചനകള്‍ പ്രകാരം നാലിടത്ത് ബിജെപിക്കാണ് ലീഡ്

ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡിഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

ആദ്യ ഫലസൂചനകള്‍ പ്രകാരം നാലിടത്ത് ബിജെപിക്കാണ് ലീഡ്. സിറ്റിങ് സീറ്റുകളായ ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലും ഹരിയാനയിലെ അദംപുര്‍, ഒഡിഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലുമാണ് ബിജെപി മുന്നേറ്റം. സിറ്റിങ് സീറ്റായ ബിഹാറിലെ മൊകാമയില്‍ ആര്‍ജെഡി തന്നെയാണ് മുന്നില്‍. ഗൊല ഗൊരഖ്‌നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയാണ് മത്സരിക്കുന്നത്.

അമന്‍ ലീഡ് നിലനിര്‍ത്തുണ്ടെങ്കിലും സമാജ്വാദി പാര്‍ട്ടിയുടെ വിനയ് തിവാരി മികച്ച പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ശിവസേന മുന്‍നേതാവ് അന്തരിച്ച രമേഷ് ലത്‌കെയുടെ ഭാര്യ റുതുജ ലത്‌കെ അന്ധേരി ഈസ്റ്റില്‍ വിജയം ഉറപ്പിച്ചു. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. തെലങ്കാനയിലെ മനുഗോഡയില്‍ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഒഡിഷയിലെ ധാംനഗറില്‍ ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെതുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കായി രംഗത്തിറങ്ങിയ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞ ലീഡ് ഉയര്‍ത്തി. ബിജെഡിയാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button