Article

കുട്ടികളേയും പൂക്കളേയും നെഞ്ചോട് ചേര്‍ത്തുവെച്ച ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ ജന്മദിനവും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14ന് ശിശുദിനമായി ആചരിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇന്ത്യയിലര്‍പ്പിക്കുന്ന വിശ്വാസത്തിന് അടിസ്ഥാനമായ മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ വ്യവസ്ഥാപിതമാക്കിയ ദീര്‍ഘദര്‍ശിയായിരുന്നു നെഹ്‌റു. കുട്ടികളെ ഏറെ സ്‌നേഹിച്ച നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായാണ് രാജ്യം ആചരിക്കുന്നത്.

ഇന്ത്യയുടെ പുരോഗമന സ്വഭാവത്തിന് അടിത്തറ പാകിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീഷണത്തോടെയുള്ള നിലപാടുകളായിരുന്നു. മതേതരത്വത്തിന്റെ മഹത്തായ മാതൃകയെ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. പരസ്പര ബഹുമാനത്തിലൂന്നിയ രാഷ്ട്രീയ സംവാദങ്ങളും നിലപാടുകളും ശാസ്ത്രബോധവും നെഹ്‌റുവിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ട് നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു നെഹ്‌റു.

രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും മതപരവുമായ സമസ്തമണ്ഡലങ്ങളിലും ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തില്‍ വേണം ജനങ്ങള്‍ മുന്നോട്ടുപോകാനെന്ന നിലപാടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത്. നിയമാനുസാരിത്വം, ബഹുസ്വരത, എല്ലാ രാഷ്ട്രീയ വീക്ഷണങ്ങളെയും ഉള്‍ക്കൊള്ളല്‍, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, ശാസ്ത്രീയ വീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയിലധിഷ്ഠിതമായിരിക്കണം ആധുനിക ഇന്ത്യ എന്ന വീക്ഷണമായിരുന്നു നെഹ്‌റുവിനുണ്ടായിരുന്നത്. മതേതര ബഹുസ്വര ഇന്ത്യ എന്ന സങ്കല്പത്തിന് ശക്തമായ അടിത്തറ അദ്ദേഹത്തിന്റെ ഭരണകാലത്ത് പാകി.

രാജ്യത്തിന്റെ ഭാവി കുട്ടികളിലാണെന്ന ബോധ്യമുണ്ടായിരുന്ന നെഹ്‌റു അവരോട് ഏറെ വാത്സല്യം പുലര്‍ത്തി. കോട്ടില്‍ എന്നും റോസാപ്പൂ ചാര്‍ത്തിവരുന്ന അദ്ദേഹത്തെ കുട്ടികള്‍
‘ചാച്ചാജി’ എന്നാണ് വിളിച്ചിരുന്നത്. കുട്ടികളോട് നെഹ്‌റുവിനുണ്ടായിരുന്ന മമതയും സ്‌നേഹവും തിരിച്ചറിയുന്ന രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായാണ് ആചരിക്കുന്നത്.

കുട്ടികളും ചാച്ചാജിയും

കുട്ടികളെയും പൂക്കളെയുംനെഹ്റു എന്നും നെഞ്ചോട് ചേര്‍ത്തുവെച്ചു. കുട്ടികളോടുള്ള സ്നേഹം ജപ്പാനിലെ കുട്ടികള്‍ക്ക് ആനക്കുട്ടിയെ എത്തിച്ചു കൊടുത്ത കഥയും പ്രസിദ്ധമാണ്.
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഹോളണ്ട് ,ജര്‍മനി, ജപ്പാന്‍ തുടങ്ങിയവിടങ്ങളിലെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
പൂക്കളോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ വേഷവലിധാനത്തിലും പ്രതിഫലിച്ചിരുന്നു. തന്റെ കോട്ടിന്റെ ബട്ടണ്‍ ഹോളില്‍ ദിവസേന ഒരു ചെമ്പനീര്‍ പൂവ് മൊട്ട് അദ്ദേഹം ധരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button