KeralaLatest NewsNews

തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും: തുറമുഖ വകുപ്പ് മന്ത്രി

വിഴിഞ്ഞം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.

‘സമരം ചെയ്ത മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചയ്ക്ക് തയ്യാറായതാണ്. ഇടനിലക്കാര്‍ വഴി ചര്‍ച്ച നടത്തണമെന്ന് പറഞ്ഞപ്പോഴും അതിനും തയ്യാറായി. ഓരോ പ്രാവശ്യം ചര്‍ച്ച വച്ചപ്പോഴും വ്യത്യസ്തങ്ങളായ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവച്ചത്. ഏഴ് ഡിമാന്‍ഡുകളാണ് അവര്‍ ആദ്യം പറഞ്ഞത്. അതില്‍ അഞ്ചും അംഗീകരിക്കുമെന്ന് വാക്കുകൊടുത്തു. എന്നാല്‍ പിന്നീട് ചര്‍ച്ചയില്‍ വന്നപ്പോഴൊക്കെ ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞു. ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴും വന്നില്ല. ഒരു സര്‍ക്കാരെന്ന നിലയില്‍ പരമാധി ക്ഷമിച്ചു. ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലേക്കെത്തി.

പൊലീസുകാരെ ആക്രമിച്ചതും സ്റ്റേഷന്‍ ആക്രമിച്ചും മറ്റ് മതക്കാരുടെ വീടുകള്‍ ആക്രമിക്കുന്നതും അംഗീകരിച്ചുനല്‍കാനാകില്ല. മന്ത്രി വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് മതസ്പര്‍ധ ഉണ്ടാക്കാന്‍ അനുവദിക്കില്ല.

കേരളത്തിന് ഗുണകരമാകുന്ന, കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന പദ്ധതി നിര്‍ത്തിവക്കാന്‍ കഴിയില്ല. അതൊഴികെയുള്ള ഏതൊരു ഡിമാന്‍ഡ് അംഗീകരിക്കാനും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാണ്’-. മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button