Latest NewsKerala

കടയില്‍ നിന്ന് പണം പോകുന്നത് പതിവായി: ഒടുവിൽ മോഷ്ടാവായ പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ

പീരുമേട്: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ. പിടിക്കപ്പെട്ടതോടെ പൊലീസുകാരന്‍ പണം നല്‍കി തടിയൂരുകയായിരുന്നു. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പണം കവരുന്നതിനിടെയാണ് പൊലീസുകാരന്‍ പിടിയിലായത്. കടയിലെത്തിയ പൊലീസുകാരന്‍ നാരങ്ങാവെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടു.

കടയുടമ ഇതെടുക്കാന്‍ തിരിഞ്ഞ സമയമാണ് പതിവുപോലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്നത്. പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ ആയിരം രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചു. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. 5,000 രൂപ നല്‍കുകയും ചെയ്തു.

സ്ഥലത്തെത്തിയവരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. അന്ന് മുതലാണ് പൊലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്താന്‍ തുടങ്ങിയത്. പൊലീസുകാരനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button