Latest NewsNewsLife Style

വിണ്ടുകീറിയ കാലുകളാണോ പ്രശ്‌നം; പരിഹാരം വീട്ടിൽ തന്നെയുണ്ട്

തണുപ്പുകാലം തുടങ്ങുകയായി. ഈ സമയം നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറൽ. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയ്‌ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്‌നമാണിത്. ചർമ്മത്തിലെ ഈർപ്പം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് വിണ്ടുകീറുന്നതിന് കാരണമാകുന്നത്. പലപ്പോഴും അസഹനീയമായ വേദനയും ഈ സമയം ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതു തടയാനായി ചില പൊടിക്കൈകളുണ്ട്.

എല്ലാത്തരം എണ്ണയും കാല് വിണ്ടു കീറുന്നത് തടയാൻ നല്ലതാണ്. എള്ളെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ തുടങ്ങീ ഏത് എണ്ണയും ഉപയോഗിക്കാം. കാൽ വൃത്തിയായി കഴുകിയതിന് ശേഷം വിണ്ടുകീറിയ ഭാഗത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം സോക്‌സ് ധരിച്ച് കിടക്കുക.

പാലും റോസ് വാട്ടറും ചേർന്ന മിശ്രിതവും വളരെ നല്ലതാണ്. ചെറുചൂട് വെള്ളത്തിൽ അൽപ്പം പാലും റോസ് വാട്ടറും കുറച്ച് എണ്ണയും ചേർത്ത് മിക്‌സ് ചെയ്യുക. ഏത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതത്തിൽ 25 മിനിട്ട് സമയം കാല് മുക്കി വയ്‌ക്കുക. ശേഷം വിണ്ടുകീറിയ ഭാഗം സ്‌ക്രബ് ചെയ്യണം. മൃദുവായ രീതിയിൽ വേണം ഇങ്ങനെ ചെയ്യാൻ. ശേഷം അൽപ്പം മോയ്ചറൈസിംഗ് ക്രീം കൂടി പുരട്ടുക. ഇത് വിണ്ടുകീറലിനെ തടയാൻ സഹായിക്കും.

ഓട്‌സ് പൊടിച്ചത് കാലുകളിൽ സ്‌ക്രബ് ചെയ്യുക. അതുമല്ലെങ്കിൽ അൽപ്പം പഞ്ചസാരയെടുത്ത് സ്‌ക്രബ് ചെയ്യുക. കാല് സോഫ്റ്റാകാനും വിണ്ടുകീറുന്നത് തടയാനും ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

ചെറുനാരങ്ങയും ഉപ്പും ചേർത്ത വെള്ളത്തിൽ കാൽ മുക്കി വയ്‌ക്കുക. ശേഷം പിഴിഞ്ഞ ചെറുനാരങ്ങ ഉപയോഗിച്ച് വിണ്ടുകീറിയ ഭാഗം സ്‌ക്രബ് ചെയ്യുക.

ഗ്ലിസറിനും റോസ് വാട്ടറും ചേർന്ന മിശ്രിതം തുടർച്ചയായി പുരട്ടുന്നത് കാലുകൾക്ക് വളരെ നല്ലതാണ്. കറ്റാർവാഴ ജെൽ കാലിൽ പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കി വിണ്ടുകീറൽ മാറാൻ സഹായിക്കും.

വാഴപ്പഴവും തേനും കൂടിയുള്ള മിശ്രിതവും വളരെ നല്ലതാണ്. ഇത് രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം കാലിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഇളം ചൂട് വെളളത്തിൽ കഴുകുക. കാലുകൾ മൃദുവാകാനും വിണ്ടുകീറൽ മാറാനും ഇത് സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button