Latest NewsNewsFootballSports

ലോകകപ്പില്‍ വീണ്ടും അട്ടിമറി: സ്പെയിനിനെ തകർത്ത് ജപ്പാൻ പ്രീ ക്വാര്‍ട്ടറിൽ, ജയിച്ചിട്ടും ജർമനി പുറത്ത്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. ശക്തരായ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോൾ കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ സ്പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ജയം അനിവാര്യമായിരുന്ന ജര്‍മനി ജയം നേടിയെങ്കിലും(4-2) ജപ്പാന്‍റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് ഗോള്‍ കൂടി മടക്കി ജര്‍മനി ജയം പിടിച്ചെടുത്തു.

ആദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്‍റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്പെയിനിന് രക്ഷയായി.

വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി കളത്തിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ സെര്‍ജ് ഗ്നാബ്രി ജര്‍മനിക്ക് ലീഡ് നല്ഡ‍കിയപ്പോള്‍ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ആദ്യ പകുതിയില്‍ ജര്‍മനിയെ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയിലെ 58-ാം മിനിറ്റില്‍ യെല്‍സിന്‍ ജേഡയിലൂടെ സമനില ഗോള്‍ നേടി ജര്‍മനിയെ ഞെട്ടിച്ചു.

സമനില ഗോള്‍ നേടിയതോടെ വിജയഗോളിനായി പിന്നീട് കോസ്റ്റോറിക്കയുടെ ശ്രമം. 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജര്‍മനി മാത്രമല്ല സ്പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാല്‍ സ്പെയിനും പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്താവുമായിരുന്നു.

Read Also:- മു​ൻ​വി​രോ​ധംമൂലം കു​ത്തി​പ​രി​ക്കേ​ല്പി​ച്ചു : യുവാവ് പിടിയിൽ

എന്നാല്‍, മൂന്ന് മിനിറ്റിനകം കയ് ഹാവെര്‍ട്സ് സമനില ഗോള്‍ നേടി ജര്‍മനിയെ ഒപ്പമെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെര്‍ട്സിന്‍റെ രണ്ടാം ഗോളില്‍ ജര്‍മനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി കോസ്റ്റോറിക്കന്‍ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജര്‍മനിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button