Latest NewsKerala

കിണറ്റിൽ വീണ ആളെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേനയോട് ‘ആരെയാ സാറേ നോക്കുന്നത്’ എന്ന് ‘കിണറ്റിൽ വീണ ആൾ’

കൂത്താട്ടുകുളം: കിണറ്റിൽ വീണ ആളെ തേടി ഇറങ്ങിയ അഗ്നിരക്ഷാസേന അവസാനം പൊല്ലാപ്പിലായി. കിണറ്റിലകപ്പെട്ടെന്ന് സുഹൃത്ത് സംശയിച്ച ആളാകട്ടെ അഗ്നിരക്ഷാസേന എത്തിയപ്പോൾ സ്വീകരിക്കാൻ മുൻപന്തിയിലും. തിരുമാറാടി പഞ്ചായത്തിൽ വാളിയപ്പാടത്ത് ആണ് അൽപം ചിരി പടർത്തിയ സംഭവം ഉണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് കിണറ്റിൽ ആൾ വീണെന്ന അപകടവിവരം വാളിയപ്പാടത്തുനിന്നാണ്‌ അറിയിക്കുന്നത്. തിരുമാറാടി വാളിയപ്പാടം നാലുസെൻറ് കോളനിയിലെ കിണറ്റിൽ സുഹൃത്ത് കിഴകൊമ്പ് സ്വദേശി ഉണ്ണി (59) വീണെന്ന വിവരം സന്തോഷ് എന്ന ആളാണ് അറിയിച്ചത്.

ഉണ്ണിയുടെ കൂട്ടുകാരനായ ബാബു അറിയിച്ചാണ് സന്തോഷ് സ്റ്റേഷനിലേക്ക് വിളിച്ചത്. സന്ദേശം എത്തിയ ഉടൻ സേനാംഗങ്ങൾ വാളിയപ്പാടത്തേക്ക് കുതിച്ചു. കോളനിയിലെത്തി ഉണ്ണിയെ കണ്ടപ്പോഴാണ് എട്ടിന്റെ പണികിട്ടി’ എന്ന അവസ്ഥയിലായത്. സംഭവത്തെക്കുറിച്ച് വിശദമായി സേനാംഗങ്ങൾ അന്വേഷിച്ചു.

കുറച്ചുനാളുകളായി ഉണ്ണി, സുഹൃത്ത് ബാബുവിനൊപ്പം കോളനിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. സുഹൃത്തുക്കളായ ബാബുവും ഉണ്ണിയും മുറിയിൽ സംസാരിച്ചിരിക്കുമ്പോൾ ഉണ്ണി പുറത്തേക്കിറങ്ങി, കിണറ്റിന് അരികിലൂടെ നടന്നുപോയി. ഏറെനേരം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാതായതോടെയാണ് ഉണ്ണി കിണറ്റിൽ ചാടിയതാണെന്ന് ബാബുവിന് തോന്നലുണ്ടായത്.

അതുവഴി വന്ന സന്തോഷിനോട് വിവരങ്ങൾ പറഞ്ഞു. കിണറിന്റെ ആൾമറയ്ക്ക് മുകളിലിരുന്ന ഉണ്ണി കിണറ്റിലേക്ക് മറിഞ്ഞുവീണ് കയറിൽ തൂങ്ങിക്കിടന്നെന്നാണ് ബാബു, സന്തോഷിനെ ധരിപ്പിച്ചത്. ഉണ്ണിയെ രക്ഷിക്കണമെന്ന് ബാബു വിളിച്ചുപറഞ്ഞതോടെ സന്തോഷ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

നാട്ടുകാരും കിണറ്റിനു ചുറ്റും കൂടി. ഉണ്ണി കടയിൽനിന്ന് ചായപ്പൊടിയും ബീഡിയും വാങ്ങി തിരികെ വന്നപ്പോഴാണ് സംഭവം അറിയുന്നത്. എന്നാൽ, അഗ്നിരക്ഷാസേന മടങ്ങാൻ തയ്യാറായില്ല. കിണറ്റിൽ മറ്റാരെങ്കിലും ചാടിയിട്ടുണ്ടോ എന്നറിയാൻ കിണറ്റിൽ ഇറങ്ങി പരിശോധിച്ചു. 30 അടി താഴ്ചയുള്ള കിണറ്റിൽ സേനാംഗം വലയിലൂടെ ഇറങ്ങി. അഞ്ചടിയോളം വെള്ളമുള്ള കിണറ്റിൽ പരിശോധന നടത്തി. ആരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് സേനാംഗങ്ങൾ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button