Latest NewsNewsIndia

പ്രണയവും ജിഹാദും രണ്ടാണ്, സ്വമേധയാ മതം മാറുകയാണെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കെന്താണ് അവകാശം: ഒവൈസി

നാസിക്: പ്രായപൂർത്തിയായ ഓരോ ഇന്ത്യക്കാരനും അവരുടെ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുമ്പോൾ ലവ് ജിഹാദ് നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ബി.ജെ.പി പ്രണയത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്നും, എല്ലാത്തിനും മതത്തിന്റെ നിറം നൽകേണ്ടതില്ലെന്നും ഒവൈസി പറയുന്നു. നാസിക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു വ്യക്തി അവർ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം കഴിച്ചാൽ അത് ആരെയെങ്കിലും ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ലൗ ജിഹാദ് നിയമം ഭരണഘടനാ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ബി.ജെ.പി പ്രണയത്തെ എതിർക്കുന്നത്? എല്ലാത്തിനും മതത്തിന്റെ നിറം നൽകേണ്ടതില്ല. മഹാരാഷ്ട്രയിലെ കർഷകർ ബുദ്ധിമുട്ടുകയാണ്, ഇതിനോട് പ്രതികരണമില്ല, മഹാരാഷ്ട്ര യുവാക്കൾക്ക് പ്രശ്‌നങ്ങളുണ്ട്, ഇതേക്കുറിച്ച് സംസാരിക്കാൻ ആരും തയ്യാറല്ല’, ഒവൈസി പറഞ്ഞു.

പ്രണയവും ജിഹാദും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും വാളുകൊണ്ട് ആരെയും കൊല്ലുന്നത് ജിഹാദാണെന്ന് ആളുകൾ കരുതുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് ആരെങ്കിലും മതം മാറിയാൽ അതിനെതിരെ 25 വർഷം പഴക്കമുള്ള സുപ്രീം കോടതി വിധിയുണ്ട്, എന്നാൽ ആ വ്യക്തി സ്വമേധയാ മതം മാറുകയാണെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കെന്താണാവകാശമെന്നും ഒവൈസി ചോദിച്ചു. ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ മതം മാറുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്നും, അവനവനു ഇഷ്ടമുള്ളതു ചെയ്യാൻ എല്ലാവരെയും അനുവദിക്കണമെന്നും ഒവൈസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button