KeralaLatest News

നഗരസഭാ കൗൺസിലർ ഷാനവാസിന്റെ വാഹനത്തിലെ ലഹരിക്കടത്ത്: അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ഉടൻ

ആലപ്പുഴ: നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ നിന്നും ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയ സംഭവം നാണക്കേടായതോടെ ഇടപെട്ട് സിപിഐഎം ജില്ലാ നേതൃത്വം. സംഭവത്തിൽ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ഉടൻ ചേരും. ആരോപണവിധേയനായ ഷാനവാസ് ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

ഇന്നലെ പുലർച്ചയോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സിപിഐഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആർ നാസർ ഇന്നലെ രാത്രി ഏരിയാ കമ്മറ്റി വിളിച്ചു ചേർത്തിരുന്നു. എന്നാൽ, ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും നേതൃത്വം അത് മുഖവിലയ്ക്കെടുത്തിട്ടില്ല. സാധാരണ ശനിയാഴ്ച കൂടാറുള്ള പ്രതിവാര സെക്രട്ടേറിയറ്റ് വരെ കാത്തുനിൽക്കാതെ ഇന്നോ നാളെയോ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് ചേർക്കാനാണ് തീരുമാനം.

നേരത്തെ ആരോപണ വിധേയനായി സംഘടനാ നടപടി നേരിട്ടിട്ടുള്ളയാളാണ് ഷാനവാസ്. അന്വേഷണ കമ്മീഷൻ രൂപീകരിക്കാനും തീരുമാനമുണ്ടായേക്കും. കേസിൽ ഇതുവരെ മൂന്ന് ആലപ്പുഴ സ്വദേശികൾ അടക്കം നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button