KeralaLatest NewsNews

‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’

തിരുവനന്തപുരം: വെങ്ങാനൂരിൽ പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് അമൽജിത്തിന്റെ അവസാന മൊഴി. പോലീസിനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ച ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പോലീസുമായി അമൽജിത്ത് നടത്തിയ അവസാന ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

വിഴിഞ്ഞം പോലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. യുവാവ് മരിക്കാൻ തീരുമാനിച്ചതായി മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെ പരാമവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. തൻ്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പോലീസ് തൻ്റെ പേരില്‍ കള്ളക്കേസ് എടുത്തതായി യുവാവ് ആരോപിച്ചു. തൊടുപുഴ സിഐക്കെതിരെയാണ് യുവാവ് പരാതി പറഞ്ഞിരിക്കുന്നത്.

ഈ ഫോണ്‍ കോള്‍ കഴിയുന്നതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ കോളിൽ പറയുന്നുണ്ട്. പോലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശവും ഇയാൾ അയച്ചിരുന്നു. അതിനുശേഷമായിരുന്നു ഇയാൾ തൂങ്ങിമരിച്ചത്. ഫോണ്‍വിളിക്ക് പിന്നാലെ പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

‘തൊടുപുഴ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് എൻ്റെ പേരില്‍ കേസ് എടുത്തത്. എൻ്റെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ അവളെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളിനെ ഞാന്‍ എതിര്‍ത്തുമാറ്റി. അതില്‍ എൻ്റെ പേരില്‍ മാത്രം കേസ് എടുത്തു. സാര്‍ ഇത് എൻ്റെ മരണമൊഴിയായി കണക്കാക്കണം. എൻ്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. എൻ്റെ ആദ്യ ഭാര്യയില്‍ രണ്ടു കുഞ്ഞുങ്ങളും രണ്ടാമത്തെ ഭാര്യയില്‍ ഒരു കുഞ്ഞുമുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ഹസ്‌ബെൻ്റ് എൻ്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ നാല്‍പ്പത്തിയൊന്‍പത് ദിവസം ജയിലില്‍ കിടന്നു. 17 ദിവസം എന്നെ മെൻ്റല്‍ ആശുപത്രിയിലാക്കി.

ഐപിസി 324, 326 സെക്ഷനാണ് എനിക്ക് ഇട്ടിട്ടുള്ളത്. പക്ഷേ എനിക്ക് സെക്ഷൻ ഇട്ടിട്ടുള്ള സിഐയും എനിക്കെതിരെ പരാതി കൊടുത്ത ആളും സന്തോഷമായി ജീവിക്കുന്നു. എനിക്ക് മൂന്ന് മക്കളുണ്ട്. അവരുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. അവര്‍ക്ക് ആവശ്യമുള്ള പഠിപ്പിനും ഭക്ഷണത്തിനുമുള്ള കാര്യം ചെയ്യണം. ഈ ഫോണ്‍ കോള്‍ കഴിഞ്ഞാല്‍ ഞാന്‍ മരിക്കും. ഞാൻ മരിച്ചാൽ എന്റെ മക്കളെ എന്റെ സർക്കാർ നോക്കും’, അമൽജിത്ത് പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button