Latest NewsIndiaInternational

‘മോദി ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ’: ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി യുകെ പാർലമെന്റ് അംഗം

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യുകെ പാർലമെന്റ് അംഗം ലോർഡ് കരൺ ബിലിമോറിയ രംഗത്ത്. ‘ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ”‘ എന്ന വിശേഷണമാണ് അദ്ദേഹം മോദിക്ക് നൽകിയത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ബിബിസിയുടെ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. എന്നാൽ ഈ കേസിൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

“ഒരു കുട്ടിയായിരുന്നപ്പോൾ നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു റെയിൽവേ സ്‌റ്റേഷനിലെ പിതാവിന്റെ ചായക്കടയിൽ ചായ വിറ്റു നടന്നു. എന്നാൽ ഇന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ ഈ ഭൂമിയിലെ ഏറ്റവും ശക്തരായ ആളുകളിൽ ഒരാളാണ്” ഇന്ത്യൻ വംശജനായ യുകെ എംപി ലോർഡ് കരൺ ബിലിമോറിയ പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ പറഞ്ഞു.

“ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അടുത്ത 25 വർഷത്തിനുള്ളിൽ 32 ബില്യൺ യുഎസ് ഡോളർ ജിഡിപിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാഴ്‌ചപ്പാട് ഇന്ന് ഇന്ത്യക്കുണ്ട്. ‘ഇന്ത്യൻ എക്‌സ്പ്രസ്’ സ്‌റ്റേഷൻ വിട്ടു കഴിഞ്ഞു, ഇത് ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്– അതായത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ. വരാനിരിക്കുന്ന ദശകങ്ങളിൽ യുകെ അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയും ആയിരിക്കണം” അദ്ദേഹം പറഞ്ഞു.

സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായും അസ്‌ട്രാസെനെക്കയുമായും ചേർന്ന് ശതകോടിക്കണക്കിന് വാക്‌സിനുകൾ ഉത്പാദിപ്പിച്ച മഹാമാരിയുടെ കാലത്ത് ഉൾപ്പെടെ ഇന്ത്യ ശക്തിയിൽ നിന്ന് കൂടുതൽ ശക്തിയിലേക്ക് പോകുകയാണെന്ന് എംപി അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സ്വദേശിയാണ് ബിലിമോറിയ.

2002ലെ ഗുജറാത്ത് കലാപകാലത്ത് ഗോധ്രയിൽ ഹിന്ദു തീർഥാടകർ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ചതിനെ തുടർന്ന് 59 തീർഥാടകർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ  അക്രമസംഭവങ്ങളിൽ അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്ന മോദിയുടെ നേതൃത്വത്തെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു.

എന്നാൽ ഇത് അരുന്ധതി റായി, ടീസ്റ്റ സെതൽവാദ് , ആർ ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് തുടങ്ങിയവരുടെ വേർഷനിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുപ്രീം കോടതിയിൽ തെളിയിക്കുന്നതിൽ അന്നത്തെ യുപിഎ സർക്കാർ പരാജയപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ 1000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ബിബിസി ഡോക്യുമെന്ററിക്ക് എതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയരുകയും ഇതിന് പിന്നാലെ യുട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് ഇത് കാണാൻ കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button