KeralaLatest NewsNews

‘പട്ടിണി പാവങ്ങളുടെ തുണി ഉരിഞ്ഞ് ഓടുകയാണ് പിണറായി, 50 രൂപ പെൻഷൻ കൊടുത്തിട്ട് 200 രൂപ തട്ടിയെടുക്കുന്ന പോക്കറ്റടിക്കാരൻ’

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റിനെതിരെ വലിയ വിമർശനമാണ് ഇപ്പോഴും ഉയരുന്നത്. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്ക്കുമെതിരെ പ്രതിപക്ഷം കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പിയും രംഗത്തെത്തി. ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് എസ്.സുരേഷ് രംഗത്ത്. പാവപ്പെട്ടവർക്ക് ഒരു ദിവസം 50 രൂപ ക്ഷേമപെൻഷൻ ആയി നൽകിയിട്ട്, അവരുടെ കയ്യിൽ നിന്നും ദിവസം 200 രൂപ നികുതിയുടെ പേരിൽ പിടിച്ചുവാങ്ങുകയാണ് ഇടത് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മനോരമ ന്യൂസിന്റെ ചാനൽ ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു സുരേഷിന്റെ വിമർശനം.

‘കേരളത്തിലെ ജനതയെ കൊള്ളയടിച്ചതിന് ശേഷം, ഒരു കൊള്ളക്കാരൻ ഇവിടുത്തെ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയും ചതിക്കുകയും ചെയ്തിരിക്കുകയാണ്. പാവപ്പെട്ടവന്റെ മുണ്ട് മുറുക്കി ഉടുപ്പിക്കുകയല്ല, അവന്റെ ഉടുതുണി അഴിച്ച് കൊണ്ട് ഓടുകയാണ് പിണറായി സർക്കാർ. എല്ലാത്തിനും വില കൂട്ടി. വിലയില്ലാത്ത ചരക്ക് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരിനും മാത്രമാണ്. ബാക്കിയെല്ലാത്തിനും വില കൂട്ടി. എന്നിട്ട് പറയുന്നു, ഇതെല്ലാം ചെയ്ത് വെച്ചത് നരേന്ദ്ര മോദി സർക്കാർ ആണെന്ന്. ഈ സർക്കാർ മേനി നടിക്കുകയാണ്. സ്വന്തക്കാരെ പുറംവാതിലിലൂടെ നിയമിച്ച്, ഇവിടെ മുഴുവൻ അഴിമതിയാണ്. നാടിനെ മുടിപ്പിക്കുകയാണ്. മുടിയനായ പുത്രനാണ് പിണറായി വിജയൻ. ഒരു നികുതി പോലും കൂട്ടാത്ത നരേന്ദ്ര മോദി സർക്കാരിനെ പറയാൻ ഈ പിണറായി വിജയന് എന്ത് യോഗ്യതയാണുള്ളത്?

മൂവായിരത്തിലധികം കോടിയാണ് കഴിഞ്ഞ വർഷം മോദി സർക്കാർ ആരോഗ്യ മേഖലയ്ക്കായി കേരളത്തിന് നൽകിയത്. അതിൽ പകുതി പോലും കേരളം ചിലവഴിച്ചിട്ടില്ല. കേരളത്തിലെ ഏതെങ്കിലും ആശുപത്രികളിൽ ഒരു പഞ്ഞി വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് മോദി സർക്കാരിന്റെ പണമാണ്, അല്ലാതെ പിണറായി സർക്കാരിന്റേതല്ല.

കേരളത്തിനായി കഴിഞ്ഞ ബജറ്റിൽ മോദി സർക്കാർ നൽകിയ തുക ഇങ്ങനെ:

ആരോഗ്യ മേഖലയ്ക്ക് – 3264 കോടി.
ഗ്രാമീണ വികസനത്തിന് – 6344 കോടി.
നാഗരാസൂത്രണത്തിന് – 3242 കോടി.
തിരുവനന്തപുരം, കൊച്ചി സ്മാർട്ട് സിറ്റി വികസനത്തിനായി പണം അനുവദിച്ചു.
ഡിസാസ്റ്റർ മാനേജ്‌മെന്റിന് – 1734 കോടി.
പ്രധാനമന്ത്രി സഡക്ക് യോജന – 113 കോടി.
ജുഡീഷ്യറി – 435 കോടി.
ഉന്നത വിദ്യാഭ്യാസ മേഖല- 181 കോടി.

എല്ലാം ശരിയാക്കി കളയാം എന്ന് പറഞ്ഞ സർക്കാർ അല്ലെ? പിണറായി വിജയൻ സർക്കാരിന്റെ പണിയെന്താണ്? ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചത്. കേരളത്തിൽ മാത്രം കൊടുക്കുന്ന അപൂർവ്വ സാധനമാണോ സാമൂഹ്യക്ഷേമ പെൻഷൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. ദിവസം 50 രൂപ ക്ഷേമപെൻഷൻ കൊടുത്തിട്ട് സർവ്വതിനും നികുതി കൂട്ടി ദിവസം 200 രൂപ അവന്റെ പോക്കറ്റിൽ നിന്ന് തട്ടിയെടുക്കുന്ന ലക്ഷണമൊത്ത പോക്കറ്റടിക്കാരനാണ് പിണറായി വിജയൻ’, എസ്. സുരേഷ് പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button