News

ഡൽഹി കലാപക്കേസ്: എഎപി നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ആം ആദ്‌മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനും മറ്റ് 10 പേർക്കുമെതിരെ കർക്കർദൂമ കോടതി കൊലക്കുറ്റം ചുമത്തി. 2020ലെ ഡൽഹി കലാപത്തിനിടെ അങ്കിത് ശർമയെന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. അഴുക്കുചാലിൽ നിന്നാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് താഹിർ ഹുസൈൻ തുടർച്ചയായി പ്രവർത്തിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്‌തതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ 147, 148, 153 എ, 302, 365, 120 ബി, 149, 188, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് താഹിർ ഹുസൈനും മറ്റ് 10 പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. താഹിർ ഹുസൈനെതിരെ ഐപിസി 505, 109, 114 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

2020 ഫെബ്രുവരി 27നാണ്, ഡൽഹി കലാപത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മ ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രക്തസ്രാവം മൂലം മരണപ്പെട്ടത്. അങ്കിത് ശർമ്മയുടെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

2020 ജൂൺ 2ന് ഡൽഹി കലാപ കേസിൽ പോലീസ് രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഒരു കുറ്റപത്രത്തിൽ, സസ്‌പെൻഡ് ചെയ്യപ്പെട്ട ആം ആദ്‌മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈനെ മുഖ്യ സൂത്രധാരനെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപമുണ്ടാക്കാൻ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ അവകാശപ്പെട്ടിരുന്നു.

‘ആം ആദ്‌മി പാർട്ടിയുടെ നേതാവും ഇഡിഎംസിയിലെ സിറ്റിംഗ് കൗൺസിലറുമായ താഹിർ ഹുസൈൻ സംഭവത്തിൽ നിർണായക പങ്ക് വഹിച്ചു. ഇയാളുടെ ഇളയ സഹോദരൻ ഷാ ആലമും അറസ്‌റ്റിലായി. കലാപത്തിനിടെ ഹുസൈൻ ഉപയോഗിച്ച ലൈസൻസുള്ള പിസ്‌റ്റൾ അന്വേഷണത്തിനിടെ പിടിച്ചെടുത്തിരുന്നു.’ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button