NewsIndia

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാളയം വിടുമെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ 2017 ല്‍ യു.പിയിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തില്‍ നിന്ന് പിന്മാറാനാണ് പ്രശാന്തിന്റെ തീരുമാനമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നവംബറില്‍ ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് വിജയം സമ്മാനിച്ചതും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതും പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 2017 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രശാന്തിനെ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയത്.

എന്നാല്‍ കോണ്‍ഗ്രസിനു വേണ്ടി ഒരു പുതിയ ടീമിനെ വേണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യവും പല നേതാക്കള്‍ക്കും സ്വീകാര്യമായിരുന്നില്ലെന്നും വാര്‍ത്തകളുണ്ട്. പാര്‍ട്ടിയിലെ അതികായരായ കമല്‍ നാഥ്, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത് എന്നിവരുള്‍പ്പെട്ട ടീമാണ് പ്രശാന്ത് നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുകയാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസും പ്രശാന്തും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാവുമെന്നാണ് സൂചന.

പഞ്ചാബിലാവട്ടെ താന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അമരീന്ദര്‍ സിംഗ് പ്രശാന്ത് കിഷോറിനെ ഒരു പത്രസമ്മേളനത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു. പ്രശാന്ത് ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ മാത്രമാണെന്നും സംഘടനാപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ആര്‍ക്കൊക്കെ ടിക്കറ്റ് നല്‍കണമെന്നതിലും അദ്ദേഹത്തിന്റെ ഇടപെടല്‍ വേണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദും വ്യക്തമാക്കിയിരുന്നു. പ്രശാന്തിന് രാഹുലിന്റേയും പ്രിയങ്കയുടേയും പിന്തുണ ഉള്ളപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം പ്രസ്താവനകളെല്ലാം ഊഹാപോഹങ്ങളാണെന്നാണ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button