South IndiaPilgrimageIndia Tourism SpotsTravel

നാഗരാജക്ഷേത്രവും നാഗർ കോവിൽ പട്ടണവും

ജ്യോതിർമയി ശങ്കരൻ

ഞങ്ങൾ തൃപ്പരപ്പിൽ നിന്നും തിരിച്ചെത്തി ഭക്ഷണശേഷം അൽ‌പ്പം വിശ്രമിച്ചു. പ്രദീപിന്റെ വകയായി കിട്ടിയ സ്വാദിഷ്ടമായ തൈർ വടയോടും കാപ്പിയോടും നീതി പുലർത്താതിരിയ്ക്കാനായില്ല. നാഗർകോവിലിലേയ്ക്കും നാഗരാജാ ക്ഷേത്രത്തിലേയ്ക്കും യാത്ര തിരിയ്ക്കുമ്പോൾ തിരിച്ചു വരുന്ന വഴി പോത്തീസിലും കയറാമെന്നു തീരുമാനിയ്ക്കപ്പെട്ടു. തിരിച്ചു ചെന്നാൽ പോത്തീസിൽ കയറിയില്ലേ എന്നാരെങ്കിലും ചോദിയ്ക്കാതിരിയ്ക്കില്ല, തീർച്ച.

നാഗർ കോവിൽ എന്നാൽ നാഗത്തിന്റെ അമ്പലം. നാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്ന പട്ടണമാകയാൽ നാഗർകോവിലെന്ന പേരു കിട്ടി. പണ്ട് ഇതൊരു ജൈനക്ഷേത്രമായിരുന്നത്രേ! കന്യാകുമാരി ജില്ലയുടെ ആസ്ഥാനമായ ഇവിടം പണ്ടു രാജവാഴ്ചക്കാലത്തും തിരുവനന്തപുരം പോലെ പ്രാധാന്യം അർഹിയ്ക്കുന്ന പട്ടണമായിരുന്നു. പശ്ചിമഘട്ടത്തിനെ തൊട്ടുരുമ്മിക്കിടക്കുന്ന സുന്ദരമായൊരു ഭൂവിഭാഗമാണിത്. കാറിലിരുന്നു ചുറ്റും നോക്കിക്കൊണ്ടും നാഗരാജ ക്ഷേത്രക്കുറിച്ചു സംസാരിച്ചുകൊണ്ടുമിരിയ്‌ക്കെ ഞങ്ങൾ ടൌണിലെത്തി. തമിഴ്നാട് ഹാൻഡ് ലൂമിൽ നിന്നും ചില സാധനങ്ങൾ വാങ്ങിയ ശേഷം ഞങ്ങൾ നഗര ഹൃദയത്തിലായുള്ള നാഗരാജക്ഷേത്രത്തിന്നകത്തെത്തി. രാഹു-കേതുക്കളിൽ നിന്നുമുള്ള ബാധയ്ക്കു വിടുതൽ കിട്ടാൻ പലരും ഇവിടെ വന്നു തൊഴുതു പ്രാർത്ഥിയ്ക്കുന്നു.

രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്നും യാദൃശ്ചികമായി അവിടെ ദേശാടനത്തിന്നെത്തിയ ഒരു ബുദ്ധമത സന്യാസി വയൽ മദ്ധ്യത്തിലെ ഈ പ്രതിഷ്ഠയ്ക്കു മുകളിലായി താൽക്കാലികമായ ഒരു ഓല മറ ഉണ്ടാക്കിയെന്നും പറയപ്പെടുന്നു. ഇന്നും പ്രതിഷ്ഠയ്ക്കു കീഴിൽ വയലിലെ വറ്റാത്ത നീരുറവ ഉണ്ടത്രെ!. നാഗരാജാവിന്റെ ശിരസ്സാണിവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഉടലും വാലും വേറെ സ്ഥലങ്ങളിലും. അഞ്ചു തലയുള്ള നാഗരാജനാണിവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭഗവാൻ കൃഷ്ണനുമുണ്ടിവിടെ. അനന്തകൃഷ്ണ പ്രതിഷ്ഠ വലതുഭാഗത്തും പരമശിവന്റെ പ്രതിഷ്ഠ ഇടതുഭാഗത്തും കാണപ്പെടുന്നു,. ഇതു കൂടാതെ ചുറ്റമ്പലത്തിലെ ഉപദേവതകളായി ഗണപതി ,ബാലസുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, നാഗമണി ഭൂതത്താൻ, ശിവൻ, ദ്വാരപാലകർ എന്നിവരുമുണ്ട്.ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുൻഭാഗത്തായി സുവർണ്ണ നിറത്തിൽ ആറടി പൊക്കത്തിൽ രണ്ടു ഭാഗത്തുമായി ഉണ്ടാക്കിയിരിയ്ക്കുന്ന അഞ്ചു തലയുള്ള നാഗവിഗ്രഹങ്ങൾ അതിമനോഹരം തന്നെയെന്നു പറയാതിരിയ്ക്കാനാവില്ല..

നാഗ പ്രതിഷ്ഠയ്ക്കു കീഴിലെ വെള്ളം നനഞ്ഞുണ്ടായ പുറ്റുമണ്ണാണിവിടെ പ്രസാദമായി കിട്ടിയത്. ഇത് ചർമ്മ രോഗങ്ങൾക്ക് അത്യുത്തമമാണെന്നും കുഷ്ഠരോഗം പിടി പെട്ട വേണാട്ടരചനു ഈ പ്രസാദം പുരട്ടിയതിനാൽ രോഗമുക്തിയുണ്ടായെന്നുമൊക്കെയാണ് കഥകൾ. അതേ പോലെ തന്നെ മംഗല്യഭാഗ്യത്തിനും സന്താന സൌഭാഗ്യത്തിനുമൊക്കെ ഇവിടെ നാഗപ്രതിഷ്ഠ നടത്തുകയും നാഗങ്ങൾക്കായി നൂറും പാലും നേർച്ച നടത്തുകയും ചെയ്യുന്നു. ഇക്കാരണത്താൽ തന്നെ എവിടെ നോക്കിയാലും അമ്പലത്തിനു ചുറ്റും നിറയെ നാഗപ്രതിഷ്ഠകളും നാഗപ്രതിമകളും ചിത്രോടക്കല്ലുകളും കാണാം.ഒന്നു രണ്ടു വർഷം മുൻപു പോയ മണ്ണാർശ്ശാല അമ്പലമാണ് ഓർമ്മയിലെത്തിയത്. നാഗങ്ങൾക്കൊക്കെ മഞ്ഞളും പാലും കൊടുക്കുന്ന സ്ഥലങ്ങൾ.. അമ്പലത്തിനെ വലം വെച്ചപ്പോൾ ശീ കോവിലിനു മുകളിലെ ഓലമറയും അതിനു പിറകിലായി പുറകു വശത്തായി സർപ്പത്തിനു കൊടുക്കാനായി മുട്ടകൾ ധാരാളമായി പലരും കൊണ്ടു വച്ചിരിയ്ക്കുന്നതും കണ്ടു. ഇന്നും നാഗം ഇവിടെയുണ്ടെന്നും ഭാഗ്യമുള്ളവർക്കവയെ കാണാനാകുമെന്നും പറയപ്പെടുന്നു. നാഗരൂപത്തിലുള്ള നാഗപുഷ്പ്പം പണ്ട് ഇല്ലപ്പറമ്പുകളിൽ കണ്ടിരുന്നത് ഇവിടെ കണ്ടു. ഈ പുഷ്പ്പം ഇവിടെ പൂജയ്ക്കായി എടുക്കുന്നു.മകരമാസത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ആയില്യം ആറാട്ട് എന്നപേരിലറിയപ്പെടുന്ന ഉത്സവം ഇവിടെ നടക്കുന്നു.

നാഗരാജകോവിലും നാഗർകോവിലും ഒരേപോലെ മനസ്സിൽ നിറഞ്ഞു നിന്നു. യാത്രയുടെ അവസാനം എന്ന നിലയിൽ പോത്തീസിൽ കയറി ചില സാരികളും മറ്റും വാങ്ങി. നാഗർ കോവിലിലെ പ്രത്യേകതയാർന്ന അച്ചാറുകൾ സനാക്സ് എന്നിവയും പ്രീതയുടെ നിർദ്ദേശാനുസരണം എല്ലാവരും വാങ്ങി…
തിരിച്ചു വീട്ടിലെത്തി, ഭക്ഷണം കഴിച്ചു രാത്രി ഒരു മണി വരെ സമസാരിച്ചു കൊണ്ടേയിരുന്നു. ഒരു മണിയോടെ ആതിഥേയർക്കു നന്ദിയോതി റെയില്വേ സ്റ്റേഷനിലേയ്ക്കു പുറപ്പെടുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞതെന്തിനെന്നെനിയ്ക്കു തന്നെ അറിഞ്ഞില്ല. ഒരു നല്ല ട്രിപ്പിന്റെ അനഭവ സമ്പത്തിന്നൊപ്പം എനിയ്ക്കു കിട്ടിയ ഈ സൌഹൃദം ഏറെ വിലപിടിച്ചതാണെന്ന ചിന്ത മനസ്സിൽ സന്തോഷം വളർത്തി.
“ നന്ദിയോതട്ടെ ഞാൻ….’“

shortlink

Related Articles

Post Your Comments

Related Articles


Back to top button