Latest NewsNewsKadhakalLiterature

ഈ ചരിത്രം പുസ്തകത്തിൽ അടയാളപ്പെടുത്താത്തത്!

ഗ്രീക്ക് ചരിത്രത്തിലെ യുളീസസിനെ ഒക്കെ പോലെ ചിലരുണ്ട് , ഏതുനേരവും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും ഒക്കെയും യാത്രകളെ കുറിച്ചും അന്വേഷങ്ങളെ കുറിച്ചുമാകും. അങ്ങനെയുള്ള കുറച്ചു പേര് ഒരു പ്രത്യേക പ്രദേശത്ത് പെട്ടു പോവുകയും അവിടെ നിന്ന് ആ പ്രദേശത്തിന്റെ കഥകളിലേക്ക് അവർ യാദൃശ്ചികമായി ചെന്നെത്തുകയും ചെയ്‌താൽ…? അവിടുന്ന് അങ്ങോട്ട് വെളിപ്പെടുന്നത് ഒരുപക്ഷെ ആ പ്രദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ ചരിത്രത്തെ മാറ്റി എഴുതാൻ കെൽപ്പുള്ള അറിവുകൾ. ത്രിവീൺ നായരുടെ ഏറ്റവും പുതിയ നോവൽ “ലാൻഡ് ഓഫ് സീക്കേർഴ്സ് ” എന്ന പുസ്തകത്തിലാണ് ഭാരതത്തിന്റെ വരെ ചരിത്രത്തിന്റെ അടിവേര് തോണ്ടുന്ന ചില കണ്ടെത്തലുകളുള്ളത്.

“നോവൽ രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്, ഒറ്റവാക്കിൽ പറഞ്ഞാൽ ഫിക്ഷൻ ത്രില്ലർ എന്ന് പറയാം. 1766 കാലഘട്ടത്തിലൊക്കെ നമ്മുടെ കേരളത്തിലും മറ്റുപല രാജ്യങ്ങളിലും നടന്നു വന്ന കഥയാണ്. എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു തന്തു അതിന്റെ ഉള്ളിലുണ്ട്.ഈ വർഷം നമ്മുടെ കേരളത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു, പക്ഷെ അതിൽ പലതിന്റെയും റെക്കോർഡുകൾ നമ്മുടെ കൈവശമില്ല” എഴുത്തുകാരനായ പുസ്തക രചയിതാവ് ത്രിവീൺ നായർ പറയുന്നു.

1766 ൽ ഹൈദരാലിയുടെ വെട്ടിപ്പിടിക്കൽ നടക്കുന്ന സമയത്ത് കേരളത്തിൽ, എത്തുന്ന നാല് ആഫ്രിക്കൻ സഞ്ചാരികൾ. അവർ ഹൈദരാലിയുടെ ഇന്നവേഷൻ സമയത്ത് അവിടെ കുടുങ്ങി പോകുന്നു. അവിടെ നിന്നും അവരെത്തിപ്പെടുന്ന ചില സത്യങ്ങളുണ്ട്,

“ഒരു ആഴ്ചയ്ക്കുള്ളിൽ മൂന്നു രാജാക്കന്മാർ മരിക്കുക, അതായത്, കോഴിക്കോട് രാജാവ്, കൂർഗിലെ രാജാവ്, മൈസൂർ രാജാവ്. ഒറ്റയടിക്ക് നോക്കിയാൽ ഇത് മൂന്നും തമ്മിൽ വലിയ ബന്ധങ്ങളൊന്നുമില്ല. ഒരുപക്ഷെ ഇന്നായിരുന്നെങ്കിൽ ഈ മൂന്നു മരണങ്ങൾ ഒരേ ആഴ്ച തന്നെ വരിക എന്ന് പറഞ്ഞാൽ അന്വേഷണങ്ങളൊക്കെ ഉണ്ടായിരുന്നേനെ. ചർച്ചാ വിഷയവുമായേനെ. പക്ഷെ അന്ന് അതുക്കെ വളരെ സ്വാഭാവികമായ ഒരു സംഭവം പോലെ കടന്നു പോയി. ഒരുപക്ഷെ ഈ സംഭവം ഒരു യാദൃശ്ചികതയാകാം, പക്ഷെ ഈ മൂന്നു പേർക്കും തമ്മിൽ ഒരു ബന്ധമുണ്ട്. ഇവർ മൂന്നു പേരും നിരവധി സമ്പത്തുള്ളവരായിരുന്നു, ഈ മൂന്നു പേരുടെയും പിടി സുൽത്താൻ ഹൈദരാലിയ്ക്കുമായിരുന്നു, അതായത് ആരു മരിച്ചാലും സ്വത്ത് ഹൈദരാലിയ്ക്കാവും. അപ്പോൾ അതിനു വേണ്ടി അദ്ദേഹം അത് ചെയ്തതാണോയെന്നതിനുള്ള തെളിവൊന്നും നമുക്കില്ല”, നോവലിസ്റ്റ് നോവലിനെ ഈ വാക്കുകളിൽ അടയാളപ്പെടുത്തുന്നു.

ചില സത്യങ്ങൾ കണ്ടെത്തുക എന്നാൽ അതിന്റെ ഉള്ളറകളിലേക്ക് നാമൊരു യാത്ര പോവുക എന്നതാണ്. അങ്ങനെ ഇന്ത്യൻ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് യാത്രകൾ പോയാൽ ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത പല ചരിത്രങ്ങളും നമുക്ക് മുന്നിൽ വെളിപ്പെട്ടേക്കാം, അത്തരമൊരു വെളിപ്പെടലാണ് എഴുത്തുകാരനും ലഭിച്ചത്.

“നമ്മുടെ പഴയ തലമുറ ഹൈദരാലിയുടെ ഇൻവേഷൻ കാലത്താണ് സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടി ഇപ്പോൾ ലക്കിടിയിൽ വന്നു സെറ്റിൽ ആയത്. അതൊക്കെ പഴയ കഥകളാണ്, ഒരുതവണ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന ഒരു സമയത്ത് സംസാരത്തിൽ വന്ന വിഷയമാണിത്. ‘അമ്മ അന്ന് ഇതേകുറിച്ച് കുറെ കഥകൾ പറഞ്ഞു. അതിനു ശേഷം ഞങ്ങൾ ഒന്നിച്ച് ശബരിമലയ്ക്കു പോകുമ്പോൾ ആ നീണ്ട സമയത്തെല്ലാം ഇത് തന്നെയായിരുന്നു ഞങ്ങളുടെ സംസാര വിഷയം.അപ്പോൾ അതിനെ കുറിച്ച് ഗവേഷണം നടത്തി ഒരു പുസ്തകം ആക്കണമെന്ന് തോന്നി. നമ്മുടെ നിരവധി സ്വത്തുക്കളൊക്കെ ഹൈദരാലി കൊണ്ട് പോയിട്ടുണ്ട്, കോഴിക്കോട് കൊട്ടാരം കത്തിനശിപ്പിച്ചപ്പോൾ കിലോക്കണക്കിന് സ്വർണമൊക്കെയാണ് ഒപ്പം നശിച്ചു പോയതെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെ ചരിത്രമാണ്” ത്രിവീൺ നായർ നോവലിന്റെ കഥാ തന്തുവിലേയ്ക്ക് വന്നെത്തിയ അനുഭവം പറഞ്ഞു വയ്ക്കുന്നു.

വെറും കഥ എന്ന മനസ്സിലാക്കലിനുമപ്പുറം സത്യത്തിന്റെ എന്തോ ചിലത് ഈ വായനയ്ക്ക് ഉണ്ടല്ലോ എന്ന തിരിച്ചറിവ്പുസ്തകത്തിനു കൂടുതൽ മിഴിവേകുന്നുണ്ട്. കാറ്ററിഡ്ജ് പെൻക്വിൻ എന്ന അന്തർദ്ദേശീയ പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. സാഹിത്യ പുസ്തകം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ഫിക്ഷൻ ത്രില്ലർ എന്ന് വിളിക്കുന്നതാണ് നല്ലത്.

“ഞാൻ അടിസ്ഥാനപരമായി ഒരു സാഹിത്യകാരനല്ലാത്തതുകൊണ്ടു തന്നെ വളരെ ലളിതമായ വാക്കുകൾ കൊണ്ട് തന്നെ ആർക്കും മനസ്സിലാകുന്ന ഭാഷയിലാണ് നോവൽ ചെയ്തിരിക്കുന്നത്. സാഹിത്യ പുസ്തകം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ഫിക്ഷൻ ത്രില്ലർ എന്ന് വിളിക്കാനാണ് ഇഷ്ടവും. ഒരു വെല്ലുവിളി എടുക്കുക മാത്രമേ ഞാൻ ഈ പുസ്തകമെഴുത്തിനെ കാണുന്നുള്ളൂ. പുസ്തകത്തിനു വേണ്ടി ചെയ്ത പ്രോമോസ് ഒക്കെ വളരെ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. അതും നല്ല സന്തോഷം തന്നു. ഇപ്പോൾ നിരൂപണങ്ങൾ നിരവധി വരുന്നുണ്ട്. ഇത്രയധികം ഓൺലൈൻ കമ്പനികൾ അത് വിൽപ്പനയ്ക്ക് വച്ച് എന്നത് തന്നെ സന്തോഷമാണ്, ഇപ്പോൾ ശരിക്കും അതിന്റെ ത്രില്ലിലാണ്”.

സാഹിത്യ പാരമ്പര്യമാണ് അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും പ്രാധാന്യമാണ് ഈ നോവലിന്റെ വായനയ്ക്കുള്ള കാരണമെന്ന് പുസ്തകത്തിന്റെ വായന ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button