IndiaNews StoryDevotionalTravel

ഹനുമാനെ ഓർക്കാനോ, ആ പേരുച്ചരിക്കാനോ കഴിയാത്ത ഒരു ഗ്രാമം: ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല : കാരണവും ഐതീഹ്യവും

പ്രസാദ് പ്രഭാവതി

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഒരു ഗ്രാമമാണ് “നന്ദൂർ നിംബാ ദൈത്യ ഗാവ്‌” വളരെ ഏറെ പ്രത്യേകത ഉള്ള ഒരു നാട് ആണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ദൈത്യരാജാവാണ് ഗ്രാമവാസികളുടെ കുലദേവത. ഈ നാട്ടിലേക്ക് പോകുന്നവർ പ്രത്യേകം ഓർമിച്ചിരിക്കേണ്ട ഒരു വസ്തുതയെന്തെന്നാൽ, ഗ്രാമാതിർത്തിക്കുള്ളിൽ കടന്നാൽ പിന്നെ സാക്ഷാൽ ശ്രീ ഹനുമാനെ ഓർക്കാനോ ഭജിക്കാനോ പാടില്ല, അദ്ദേഹത്തിന്റെ പേര് ഒരു കാരണവശാലും ആ പേര് ഉച്ചരിക്കാൻ പാടില്ല, എന്തിനധികം ആ പേര് ഉള്ള ഒരു വസ്തു പോലും കൈവശം വയ്ക്കാനും പാടില്ല. അതു തെറ്റിച്ചാൽ അപകടം ഉറപ്പ്. ഇതാണ് നിംബാ ദൈത്യ ഗ്രാമവാസികളുടെ വിശ്വാസം.

ഐതിഹ്യപ്രകാരം ഗ്രാമീണരുടെ കുലദൈവമായ നിംബാ ദൈത്യൻ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ജന്മം കൊണ്ട് അസുരനെങ്കിലും പ്രഹ്ളാദനെയും, മഹാബലിയെയും പോലെ മഹാ ശ്രീരാമഭക്തനായിരുന്നു നിംബാ ദൈത്യൻ. ഒരിക്കൽ സീതാ സമേതനായി ആ ഗ്രാമത്തിൽ എത്തിയ ശ്രീരാമൻ നിമ്പയുടെ ഭക്തിയിൽ പ്രസന്നൻ ആയി ഭാവിയിൽ ആ ഗ്രാമത്തിൽ ഉള്ളവർ അയാളെ പൂജിക്കും എന്നു അനുഗ്രഹിച്ചു . എന്നാൽ പിന്നീട് ഇത് അറിയാൻ ഇടയായ സാക്ഷാൽ ഹനുമാൻ ശ്രീരാമ ഭക്തനായി ഒരു അസുരൻ വേണ്ട എന്നു തീരുമാനിച്ചു യുദ്ധം ആരംഭിച്ചു. എന്നാൽ നിമ്പയെ തോൽപ്പിക്കാൻ സാക്ഷാൽ ഹനുമാന് കഴിഞ്ഞില്ല. അവസാനം ശ്രീരാമൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷെ തന്റെ ഗ്രാമത്തിൽ ഹനുമാന് യാതൊരുവിധ സ്ഥാനവും ഉണ്ടാകരുതെന്ന് ദൈത്യൻ ശ്രീരാമനിൽ നിന്നും വരം വാങ്ങി

ഗ്രാമത്തിലെ പ്രധാന ക്ഷേത്രം അസുര രാജാവ് നിമ്പാ ദൈത്യന്റേത് ആണ് എങ്കിലും ഹനുമാൻ ഒഴികെയുള്ള മറ്റു പല ദേവതകളുടെയും ക്ഷേത്രങ്ങൾ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ഒരു വീടും ആ ക്ഷേത്രത്തിലും ഉയരത്തിൽ ഉണ്ടാക്കില്ല. എല്ലാ വീടിന്റെ മുന്നിലും നന്ദൂർ നിമ്പാ കൃപ എന്നു എഴുതിയിട്ടുണ്ടാകും . അതേ പോലെ എല്ലാ വാഹനങ്ങളിലും. ഗ്രാമത്തിലെ കടകൾ പോലും ദൈത്യന്റെ പേരിൽ ആണ് .ഗ്രാമത്തിൽ പല വിധ വാഹനങ്ങൾ ഉണ്ടെങ്കിലും മാരുതി കമ്പനിയുടെ വാഹനങ്ങൾ ആരും വാങ്ങില്ല. ഗ്രാമത്തിലെ ഡോക്ടർ അത് ലംഘിച്ച് പുതിയ മാരുതി കാർ വാങ്ങി വരുന്ന വഴി അത് അപകടത്തിൽ നശിക്കുകയും ചെയ്തു.

മറ്റൊരു ഗ്രാമീണൻ തന്റെ മോട്ടോർ സൈക്കിളിന്റെ ടയർ കേടായപ്പോ മാരുതി എന്നൊരു കമ്പനിയുടെ പുതിയ ടയർ ആണ് വാങ്ങി ഇട്ടത് . വരുന്ന വഴി ആ വണ്ടി കത്തി നശിക്കുകയും ചെയ്തു. ഒരിക്കൽ ഗ്രാമത്തിൽ കൂലിപ്പണിക്ക് വന്ന ലാത്തൂരിൽ നിന്നുള്ള തൊഴിലാളികളില് ഒരാൾ ഭ്രാന്ത് വന്നത് പോലെ പിച്ചും പേയും പറയാൻ തുടങ്ങി . അയാളുട പേരു മാരുതി എന്നാണെന്ന് സഹ തൊഴിലാളികളിൽ നിന്നും മനസിലാക്കിയ ഗ്രാമീണർ അയാളെ ക്ഷേത്രത്തിൽ കൊണ്ടുപോയി ലക്ഷ്മണൻ എന്നു പേരു മാറ്റി. അതോടെ അയാളുടെ അസുഖവും മാറി.കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും ഗ്രാമീണരുടെ വിശ്വാസങ്ങൾക്ക് സാക്ഷ്യം ഇവയെല്ലാമാണ്.

തങ്ങളുടെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം കുലദേവതയായ നിംബാ ദൈത്യൻ ആണെന്ന് കരുതുന്നവരാണ് ഗ്രാമവാസികൾ. അഞ്ഞൂറിൽ താഴെ വീടുകളും മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുമുള്ള ഗ്രാമത്തിലെ ബഹുഭൂരിപക്ഷം വീടുകളിലെയും രണ്ടോ മൂന്നോ അംഗങ്ങൾ വീതം സർക്കാർ ജോലി നേടിയവരാണ്. പ്രതിഷ്ഠ അസുരനായതിനാൽ മദ്യവും, മാംസവും ഉപയോഗിച്ചാണ് പൂജ എന്ന് കരുതിയെങ്കിൽ തെറ്റി, പരമ സാത്വികനായ നിംബാ ദൈത്യനിഷ്ടം പൂരം ബോളിയും, മധുര പലഹാരങ്ങളുമെല്ലാമാണ്.

പ്രകൃതിയിൽ മോശമായി ഒന്നുമില്ല എന്ന തത്വത്തിൽ അധിഷ്ഠിതമാണ് ഭാരതീയ സംസ്കാരത്തിലെ ഓരോ വിശ്വാസക്രമങ്ങളും. സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മിയെ ആരാധിക്കുന്ന സമൂഹം തന്നെ, സകല ദുരിതങ്ങളും നൽകുന്ന ജ്യേഷ്ഠാ ഭഗവതിയെയും മാനിക്കുന്നു. പഞ്ച പാണ്ഡവർക്ക് ഒപ്പം തന്നെ കൗരവാദികളെയും ബഹുമാനിക്കുന്നു. ദോഷങ്ങൾ നൽകാതിരിക്കാൻ കലിയോട് തന്നെ അപേക്ഷിക്കുന്നു. ഉയർച്ചയും, താഴ്ചയും പ്രകൃതി നിയമങ്ങൾ എന്ന ആശയം തന്നെയാണ് ഇത്തരം വൈവിധ്യപൂർണ്ണമായ ആചാരങ്ങൾ വഴി പ്രകടമാകുന്നതും. പ്രധാന നഗരമായ അഹമ്മദ് നഗറിൽ നിന്നും അറുപത് കിലോമീറ്ററോളം ദൂരമുള്ള നിംബാ ദൈത്യഗ്രാമം ഭാരതത്തിന്റെ വൈവിധ്യങ്ങൾ തേടി യാത്ര ചെയ്യുന്നവർക്ക് വ്യത്യസ്തമായ ഒരനുഭവം നൽകുന്നതുമാണ്.

shortlink

Post Your Comments


Back to top button