Latest NewsNewsIndia

ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കാനുള്ള രാഹുലിന്റെ നീക്കങ്ങള്‍ക്ക് വെല്ലുവിളി ഏറെ

അഹമ്മദാബാദ് : ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കാനുള്ള രാഹുലിന്റെ കുടില തന്ത്രങ്ങള്‍ഇനി അത്ര എളുപ്പമാകില്ല. ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയൊരുക്കാനായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനു മുന്നില്‍ ഹര്‍ദിക് പട്ടേല്‍ ഉപാധി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു പട്ടേലിന്റെ പ്രധാന ഉപാധി.

തെരഞ്ഞെടുപ്പില്‍ പരമാവധി പട്ടേല്‍ വിഭാഗക്കാര്‍ക്ക് സീറ്റ് നല്‍കണമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള അശോക്‌ ഗെഹലോട്ടുമായുള്ള ചര്‍ച്ചയില്‍ ഹര്‍ദിക് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പട്ടേല്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹര്‍ദികിന് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പൊതുവിലുളള ധാരണ എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിക്കുള്ള തിരിച്ചടിയെയാണ് സൂചിപ്പിക്കുന്നത്. ഹര്‍ദിക് പട്ടേലിനും ജിഗ്‌നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്ന നിലപാടിലായിരുന്നു ഹര്‍ദിക്. സംവരണമാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമായത്. സംവരണ വിഷയത്തില്‍ നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജല്‍ ക്രാന്തി മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഹര്‍ദിക് പട്ടേലിനെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുന്ന സാഹചര്യത്തിലും സംവരണ വിഷയത്തില്‍ വ്യക്തത ലഭിച്ചെങ്കില്‍ മാത്രമേ വേദി പങ്കിടൂ എന്ന നിലപാടിലാണ് ഹര്‍ദിക് പട്ടേല്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ബി.ജെ.പി റാലി പട്ടേല്‍ സമരക്കാര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനു നേരെയും സമാന ഭീഷണി മുഴക്കിയത്. സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് റാലിയോടും ഒരു ദയയും കാണിക്കില്ലെന്ന് സമിതി കണ്‍വീനര്‍ ധര്‍മ്മിക് മാളവ്യ പറഞ്ഞിരുന്നു. ഹാര്‍ദികിന്റെ ഇത്തരത്തിലുള്ള വിലപേശലുകള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചേക്കും. പട്ടേലുകള്‍ക്കു സംവരണം നല്‍കണമെന്ന ആവശ്യത്തോടു കോണ്‍ഗ്രസിന് അനുകൂല നിലപാടാണ്.

എന്നാല്‍ അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ പാക്കേജ് ഗുജറാത്ത് ഹൈക്കോടതി വിലക്കിയിരുന്നു. കോടതിയുടെ ഇടപെടല്‍ ഒഴിവാകുന്ന രീതിയില്‍ പഴുതടച്ച നിയമനിര്‍മ്മാണം വഴി നടപ്പാക്കണമെന്നതാണു ഹാര്‍ദിക്കിന്റെ ആവശ്യം. ഇതിന് വെല്ലുവിളികള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ ഗുജറാത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button