Latest NewsDevotional

ഓതർ മലയിൽ നിന്നൊഴുകിയെത്തിയ തകഴി ശാസ്താവും അവിടുത്തെ ദിവ്യശക്തിയുള്ള എണ്ണയും

അവർ ആ ചെളി കുറച്ചു മാറ്റിയപ്പോൾ അവിടെ ആ ദിവ്യമായ ശാസ്താവിഗ്രഹം കാണപ്പെട്ടു.

തിരുവിതാംകൂറിൽ ഇപ്പോൾ ശ്രീവലഭ (തിരുവല്ല) ഗ്രാമമെന്നു പ്രസിദ്ധമായിരിക്കുന്ന പ്രദേശത്തിന്റെ കിഴക്കുള്ള ഒരു മലയില്‍ പരശുരാമന്‍ ശാസ്താവിനെ പ്രതിഷ്ടിച്ചിരുന്നു.എല്ലാവരും ആ മലയെ ‘ഓത്തന്മാർമല’ എന്നും ശാസ്താവിനെ “ഓത്തന്മാർമല ശാസ്താവ്” എന്നും വിളിച്ച് ആരാധിച്ചിരുന്നു. ശാസ്താവിനെ ആ ഗ്രാമത്തിന്റെ പരദേവതയായും കണ്ടു.കാലക്രമേണ ആ പേരുകൾ ലോപിച്ച് ‘ഓതർമല ശാസ്താവ്’ എന്നായി തീർന്നു. അങ്ങനെ വളരെക്കാലം കഴിഞ്ഞ ശേഷം ആ ഗ്രാമത്തിൽ ശ്രിവല്ലഭ (വിഷ്ണു) പ്രതിഷ്ഠയും ക്ഷേത്രവും വേദാദ്ധ്യയനമഠങ്ങളുമുണ്ടായി.

കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ പ്രധാന്യം ആ വിഷ്ണുക്ഷേത്രത്തിനായി മാറി. ഓതർമല ശാസ്താവിനെ ആരും ആദരിക്കാതെയും വന്ദിക്കാതെയും ഓർക്കാതെയുമാകുകയും നനഞ്ഞൊലിച്ചും ഇടിഞ്ഞുപൊളിഞ്ഞും ആ ക്ഷേത്രം നിശ്ശേ‌ഷം നശിക്കുകയും ആ ശാസ്താവിന്റെ ദിവ്യവിഗ്രഹം മാത്രമവിടെ ശേ‌ഷിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു വർഷത്തിൽ കഠിനമായ മഴ നിമിത്തം ഓതർമല പൊട്ടി അവിടെനിന്ന് ഏറ്റവുംശക്തിയോടുകൂടി പടിഞ്ഞാറോട്ടു ജലം പ്രവഹിച്ചു തുടങ്ങി.ആ ജലപ്രവാത്തിന്റെ ശക്തിനിമിത്തം ശാസ്താവിന്റെ പ്രതിഷ്ഠയിളകി ആ ബിംബവും വെള്ളത്തോടുകൂടിയൊഴുകി, ശാസ്താ പ്രതിമ ഇപ്പോൾ തകഴിയിൽ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള പുഞ്ചപ്പാടത്തെത്തി, അവിടെ കഴിയിൽ (ചേറ്റിൽ) പുതഞ്ഞു കിടന്നു.

അങ്ങനെ വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ സാക്ഷാൽ വില്വമംഗലത്തു സ്വാമിയാർ വടക്കുനിന്നു വഞ്ചിയിൽകയറി തെക്കൻ ദിക്കിലേക്ക് യാത്ര ചെയ്തു. അങ്ങനെ വരുമ്പോൾ ആ ബിംബം കിടന്നിരുന്ന സ്ഥലത്തു നിന്നും ഒരു ദിവ്യതേജസ്സു കണ്ടു.ആ തേജസ്സു ദിവ്യനായിരുന്ന സ്വാമിയാർക്കല്ലാതെ മറ്റാർക്കും ദൃശ്യമായിരുന്നില്ല. സ്വാമിയാർ ആ തേജസ്സു കണ്ടയുടനെ വഞ്ചിക്കാരോടു വഞ്ചി കിഴക്കേക്കരയിലടുപ്പിക്കുവാൻ പറയുകയും അവരടുപ്പിക്കുകയും ഉടനെ സ്വാമിയാരും കൂടെയുണ്ടായിരുന്നവരു കരയ്ക്കിറങ്ങുകയും സ്വാമിയാരുടെ ഭൃത്യന്മാർ ഇരട്ടശംഖു മുഴക്കുകയും ചെയ്തു.

ആ ശംഖുനാദം കേട്ടിട്ട് അതിന്റെ കാരണമറിയുന്നതിനായി സമീപസ്ഥന്മാരായ ദേശക്കരെല്ലാവരും തൽക്ഷണം അവിടെയെത്തി.ആ വയലിന്റെ ഒരു ഭാഗത്തു സ്വാമിയാർക്കു മാത്രം ദൃശ്യവും അന്യന്മാർക്ക് അദൃശ്യവുമായ ആ ദിവ്യ തേജസ്സു ജ്വലിക്കുന്നുണ്ടായിരുന്നു. സ്വാമിയാർ ആ വയലിലിറങ്ങി ആ സ്ഥലം തൊട്ടുകാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആ ബ്രാഹ്മണന്മാരോട് സ്ഥലത്തെ പൊതഞ്ഞ ചേറ് മാറ്റാൻ പറഞ്ഞു.

അവർ ആ ചെളി കുറച്ചു മാറ്റിയപ്പോൾ അവിടെ ആ ദിവ്യമായ ശാസ്താവിഗ്രഹം കാണപ്പെട്ടു. സ്വാമിയാരുടെ നിയോഗപ്രകാരം ആ ബ്രാഹ്മണർതന്നെ ആ ബിംബമെടുത്തു കരയ്ക്കു കൊണ്ടു വരികയും ശുദ്ധജലമൊഴിച്ചു കഴുകി ചെളിയെല്ലാം കളഞ്ഞു വെടിപ്പു വരുത്തുകയും ചെയ്തു.

വിഗ്രഹം കണ്ടു ചില ദേശക്കാർ അത് ഓതർ മലയിലെ വിഗ്രഹമാണെന്നു പറഞ്ഞെങ്കിലും സ്വാമിയാർ അത് വകവെച്ചു കൊടുത്തില്ല.
‘അതല്ല, ആ ബിംബം ഒഴുകിപ്പോയിട്ടു വളരെക്കാലമായല്ലോ. ഇതിന് ഉടമസ്ഥന്മാരായിട്ടു വല്ലവരുമുണ്ടായിരുന്നെങ്കിൽ അവർ അതിനെക്കുറിച്ച് അന്വേ‌ഷിക്കുമായിരുന്നു. ഇതുവരെ അതുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഇനി അത് പറയേണ്ട കാര്യമില്ല ഇതിന്റെ ഉടമസ്ഥാവകാശം ഈ ദേശക്കാർക്കല്ലാതെ മറ്റാർക്കുമില്ല ‘എന്ന് പറയുകയും ചെയ്തു. ആ ബിംബമെടുത്ത് അവിടെ ഒരു സ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തു. വേണ്ടവിധം കലശവും മറ്റു പൂജകളും ചെയ്‌താൽ ആ ദേശത്തിനു യശസ്സ് വർധിക്കുമെന്ന് അവരോടു പറയുകയും ചെയ്തു.

സ്വാമിയാർ പോയതിന്റെ ശേ‌ഷം ദേശാക്കരെല്ലാവരും കൂടി ഈ സംഗതികളെല്ലാം അക്കാലത്ത് അവിടെ ദേശാധിപതിയായിരുന്ന ചെമ്പകശ്ശേരി രാജാവിന്റെ അടുക്കൽ അറിയിക്കുകയും ആ രാജാവിന്റെ ആജ്ഞയോടും ആനുകൂല്യത്തോടും കൂടി അവർ ശാസ്താവിനു ക്ഷേത്രം പണിയിക്കുകയും കലശം മുതലായവ നടത്തിക്കുകയും പൂജ മുതലായവ ശരിയായി നടക്കുന്നതിനു വേണ്ടുന്നതിന് ഒരു കാര്യസ്ഥനെ നിയമിക്കുകയും ചെയ്തു. “പൊതകഴിയിൽ ശാസ്താവ്” എന്നു പറഞ്ഞു പറഞ്ഞു ക്രമേണ ലോപിച്ചു “തകഴിയിൽ ശാസ്താവ്” എന്നായി. പിന്നെ അതുതന്നെ സ്ഥിരപ്പെടുകയും പ്രസിദ്ധമായിത്തീരുകയും ചെയ്തു. ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂർ മഹാരാജാവു പിടിച്ചെടുക്കുകയാൽ ചെമ്പകശ്ശേരി രാജാവു നാടുവിട്ടു പോകേണ്ടിവന്നു.

തിരുവിതാംകൂറിൽനിന്നുള്ള ഭരണം അവിടെ മുറയ്ക്കു നടപ്പായതുവരെ ആ ദേശക്കാർ കേവലം അനാഥസ്ഥിതിയിലാണ് കഴിഞ്ഞുകൂടിയത്. അതിനാൽ ശാസ്താവിന്റെ ക്ഷേത്രകാര്യങ്ങളിൽ അവരാരും ശ്രദ്ധിക്കാതെയായി. ക്ഷേത്രം വേണ്ടുന്ന കാലത്തു കെട്ടിമേച്ചിൽ കഴിക്കായ്കയാൽ നനഞ്ഞൊലിച്ചും ഭിത്തികൾ ഇടിഞ്ഞുനിരന്നും മേൽക്കൂടെല്ലാം ജീർണ്ണിച്ചും വലിയ കഷ്ടസ്ഥിതിയിലായിത്തീർന്നു.

ശാസ്താ ക്ഷേത്രത്തിൽ എപ്പോഴും പ്രാർത്ഥനാ നിരതനായിരുന്ന ഒരു സാധു മനുഷ്യൻ ഉണ്ടായിരുന്നു. ആശാൻ എന്നായിരുന്നു അയാളെ എല്ലാവരും വിളിച്ചിരുന്നത്. അയാൾക്ക് ക്ഷേത്രത്തിന്റെ ജീര്ണാവസ്ഥയിൽ വളരെയേറെ ദുഖമുണ്ടായിരുന്നു. അയാൾ ക്ഷേത്രത്തിൽ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കിക്കൊടുക്കണമെന്നു സദാ അയ്യപ്പസ്വാമിയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടും ദിവസങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു.

ഒരു ദിവസം രാത്രിയിൽ ആശാൻ കിടന്നുറങ്ങിയ സമയം അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായി. അത് എങ്ങനെയെന്നാൽ, അദ്ദേഹത്തിന്റെ തലയ്ക്കൽ ചെന്നിരുന്നുകൊണ്ട് ഒരാൾ ‘ഇതിനെക്കുറിച്ച് ആശാൻ ഒട്ടും വ്യസനിക്കേണ്ടാ. ഞാൻ പറയുന്നതുപോലെ ചെയ്താൽ ഈ കാര്യം നി‌ഷ്പ്രയാസം സാധിക്കാൻ മാർഗ്ഗമുണ്ടാകും’ എന്ന് പറഞ്ഞു ചില രഹസ്യ കൂട്ടുകൾ പറഞ്ഞു കൊടുത്തു.

“തിരുവല്ലയിൽ നിന്നു കിഴക്ക് ഓതർമല എന്നു പേരായിട്ട് ഒരു വലിയ കുന്നുണ്ട്. അവിടെച്ചെന്നു നോക്കിയാൽ എൺപത്തിനാലു വിധം പച്ചമരുന്നുകൾ കാണും. അവയുടെ വേരും ഇലയും കുറേശ്ശേ പറിചെടുത്തുകൊണ്ടുവരണം. പിന്നെ കറുപ്പും കഞ്ചാവുമുൾപ്പെടെ അറുപത്തിനാലുകൂട്ടം അങ്ങാടി മരുന്നുകളും കുറേശ്ശെ വാങ്ങണം. അവയെല്ലാം യഥോചിതം ചേർത്ത് കുറച്ച് എണ്ണ കാച്ചണം. അത് ആവണക്കെണ്ണ, വേപ്പെണ്ണ, ഓടയെണ്ണ, മരോട്ടിയെണ്ണ, പുന്നക്കായെണ്ണ, പൂവത്തെണ്ണ മുതലായ സകലയെണ്ണകളും ചേർത്തു വേണം കാച്ചാൻ. എന്നാൽ എള്ളിൽനിന്നെടുക്കുന്ന എണ്ണ അതിൽ ചേർക്കുകയുമരുത്. അങ്ങനെ എണ്ണ കാച്ചി രോഗികൾക്കു കൊടുത്തു സേവിപ്പിച്ചാൽ സകലരോഗങ്ങളും ഭേദമാകും.”

വിശേ‌ഷിച്ചു വാതസംബന്ധങ്ങളായ രോഗങ്ങൾക്ക് ഈ എണ്ണ ഏറ്റവും ഫലപ്രദമായിരിക്കും. ഈ എണ്ണയ്ക്ക് സ്വല്പമായ ഒരു വില ദേവസ്വത്തിലേക്കു വാങ്ങിക്കൊള്ളണം. അങ്ങനെ കുറച്ചു ദിവസം കഴിയുമ്പോൾ ഈ എണ്ണയുടെ കാര്യം ലോകപ്രസിദ്ധമായിത്തീരും. അപ്പോൾ പല സ്ഥലങ്ങളീൽ നിന്നും സംഖ്യയില്ലാതെ രോഗികൾ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങുകയും അവരിൽ നിന്ന് എണ്ണയുടെ വിലയായിട്ടും മറ്റും കിട്ടുന്ന സംഖ്യകൾകൊണ്ടു ദേവസ്വത്തിൽ ധനം ധാരാളം വർദ്ധിക്കുകയും ചെയ്യും.

അപ്പോൾ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തിക്കാൻ പ്രയാസമില്ലാതെയാകുമല്ലോ. അതു കഴിഞ്ഞാൽ പിന്നെയും ഈ എണ്ണ നിമിത്തം ഈ ദേവസ്വത്തിൽ ധനം വർദ്ധിച്ചുകൊണ്ടുതന്നെയിരിക്കും. തൽക്കാലം അങ്ങാടിമരുന്നുകളും എണ്ണകളും വാങ്ങാൻ ആവശ്യമുള്ള പണം ഇതാ ഇവിടെയിരിക്കുന്നു” എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം.

ആശാൻ ഉടനെ ഉണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും തലയ്ക്കൽ കുറചു പണം ഇരിക്കുന്നുണ്ടായിരുന്നു. അതിനാലാശാൻ, ഇങ്ങനെ തന്റെ അടുക്കൽ വന്നു പറയുകയും ഈ പണം തരികയും ചെയ്തത് ഭക്തവത്സലനും കരുണാനിധിയുമായ തകഴിൽ ശാസ്താവുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് ആ പണം കൈയിലെടുക്കുകയും അടുത്ത ദിവസം തന്നെ ഓതർമലയിലെത്തി എൺപത്തിനാലു പച്ചമരുന്നുകളൂം പറിച്ചുകൊണ്ടുവരികയും അങ്ങാടിമരുന്നുകളും എണ്ണകളുമെല്ലാം ശേഖരിചു സ്വപ്നത്തിലുണ്ടായ സ്വാമിനിയോഗം പോലെ അഞ്ചാറു ദിവസംകൊണ്ട് ആ എണ്ണ കാച്ചിയരിച്ചുവെയ്ക്കുകയും ചെയ്തു.

അനവധി രോഗികൾ വാദം മൂലം കഷ്ടപ്പെടുന്നവർ ആ ദേശത്തുണ്ടായിരുന്നു.
ആശാൻ അവരെയെല്ലാം ആ ക്ഷേത്രസന്നിധിയിൽ വരുത്തി ഭജനമായി താമസിപ്പിക്കുകയും ഒഴക്കെണ്ണയ്ക്ക്, ഒരു പണം (നാലു ചക്രം) വീതം നടയ്ക്കു വെപ്പിച്ചുകൊണ്ട് എണ്ണ കൊടുത്തുസേവിപ്പിക്കുകയും എണ്ണ സേവിച്ചവരെല്ലാം സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

ചിലർക്ക് ഒരു ദിവസം എണ്ണ സേവിച്ചപ്പോൾതന്നെ നല്ല സുഖമായി. മറ്റു ചിലർക്ക് പന്ത്രണ്ടു ദിവസം എണ്ണ സേവിച്ചിട്ടാണ് പൂർണ്ണസുഖം സിദ്ധിച്ചത്. എങ്കിലും ആ എണ്ണ സേവിച്ചിട്ട് ആർക്കും സുഖം സിദ്ധിക്കാതെയിരുന്നില്ല. ഇത്രയും കഴിഞ്ഞപ്പോഴേക്കും ഈ വർത്തമാനം കേട്ടുകേൾപ്പിച്ചു ലോകപ്രസിദ്ധമായിത്തീർന്നു.അപ്പോൾ പല സ്ഥലങ്ങളിൽനിന്നുമായ സംഖ്യയില്ലാതെ രോഗികൾ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങി. വരുന്നവർക്കൊക്കെ കൊടുക്കുന്നതിനു മുടക്കം കൂടാതെ ആശാൻ എണ്ണ കാച്ചിയരിചു ദേവസ്വത്തിൽ ഏൽപ്പിച്ചു കൊടുത്തുകൊണ്ടുമിരുന്നു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും എണ്ണയുടെ വിലയായിട്ടും രോഗികൾ ഭക്തിപൂർവ്വം വിശേ‌ഷാൽ നടയ്ക്കുവെയ്ക്കുന്നതായിട്ടും ദേവസ്വത്തിൽ അപരിമിതമായിട്ടു ധനം വർദ്ധിച്ചു. അപ്പോൾ ആശാൻ തന്നെ ചുമതലപ്പെട്ടു ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണവും കലശവും മറ്റും വളരെ ഭംഗിയായിട്ടും കേമമായിട്ടും നടത്തിച്ചു.

പിന്നെയും രോഗികളുടെ വരവും ദേവസ്വത്തിലെ ധനവും പൂർവ്വാധികം വർദ്ധിച്ചു കൊണ്ടുതന്നെയിരുന്നതിനാൽ ആശാൻ ക്ഷേത്രത്തിലെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയെല്ലാം പരി‌ഷ്കരിച്ചു ഭംഗിയാക്കി.അങ്ങനെ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞപ്പോൾ പ്രായാധിക്യം നിമിത്തം ആശാൻ ഏറ്റവും ക്ഷീണിക്കുകയും മരുന്നുകളും മറ്റും ശേഖരിച്ച് എണ്ണ കാച്ചി ദേവസ്വത്തിലേൽപ്പിക്കാൻ അശക്തനായിത്തീരുകയും ചെയ്ത്.

അപ്പോൾ അദ്ദേഹം എണ്ണയ്ക്ക് വേണ്ടുന്ന മരുന്നുകളുടെയും എണ്ണകളുടെയും കണക്കിനും കാച്ചിയരിക്കാനുള്ള ക്രമത്തിനും മറ്റും വിവരമായി ഒരു ചാർത്തെഴുതി ദേവസ്വത്തിലേൽപ്പിച്ചു. പിന്നെ അധികം താമസിയാതെ അദ്ദേഹം കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.

ആശാന്റെ രൂപം എന്നും കാണുന്നതിനും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ എന്നും ജനങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുന്നതിനുമായി ആശാന്റെ ഒരു വിഗ്രഹമുണ്ടാക്കിച്ചു ക്ഷേത്രസന്നിധിയിൽത്തന്നെ പ്രതിഷ്ഠിച്ചു.

ആ വിഗ്രഹം ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്.ആശാന്റെ കാലാനന്തരം അദ്ദേഹത്തിന്റെ ചാർത്തനുസരിച്ചു ദേവസ്വക്കാർ തന്നെ മരുന്നുകളും മറ്റും ശേഖരിച്ചു യഥാപൂർവ്വം എണ്ണ കാച്ചിയരിച്ചു വെച്ചു തുടങ്ങി. അപ്പോഴും അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം അവിടെ നിലനിന്നിരുന്നതിനാൽ രോഗികളുടെ വരവിന് ഒരു കുറവുമുണ്ടായില്ല. മുമ്പിലത്തെപ്പോലെതന്നെ പ്രതിദിനം അസംഖ്യം രോഗികൾ വരികയും എണ്ണ സേവിക്കുകയും എല്ലാവരും സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അപ്പോൾ ദേവസ്വക്കാർ എണ്ണയുടെ വില ഒഴക്കിന് ഒരു പണമായിരുന്നത് അര രൂപയാക്കി. എന്നിട്ടും രോഗികളുടെ വരവിന് അവിടെ ഒരു കുറവുമുണ്ടായില്ല. ഇപ്പോഴും അവിടെ അതിനൊന്നിനും യാതൊരു വ്യത്യാസവും വന്നിട്ടില്ല. എല്ലാം യഥാപൂർവ്വം നടന്നുകൊണ്ടുതന്നെയിരിക്കുന്നു. ആശാന്റെ കാലം കഴിഞ്ഞതിന്റെ ശേ‌ഷം പച്ചമരുന്നുകൾ വരുത്തുകയും എണ്ണ കാച്ചിയരിച്ചു വെയ്ക്കുകയും ചെയ്യുന്നതു ദേവസ്വക്കാർ തന്നെയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

മരുന്നുകൾ പറിച്ചുകൊണ്ടുവരുവാൻ ദേവസ്വക്കാർ അയയ്ക്കുന്നത് ദേവസ്വത്തിലെ അടിയാരായിട്ടുള്ള പുലയരെത്തന്നെയാണ്. മലയിൽ ചെന്നു മരുന്നുകളെല്ലാം പറിച്ചു ശേഖരിച്ചു കൊണ്ടുവരുന്നതിന് അവർക്കു നാലഞ്ചു ദിവസം വേണ്ടിവരും.അതിനാൽ അവർക്ക് അത്രയും ദിവസത്തെ ഭക്ഷണത്തിനു വേണ്ടുന്ന അരിയും കോപ്പുകളൂം കൂടി കൊടുത്തയച്ചാണ് അവരെപ്പറഞ്ഞയയ്ക്കുക പതിവ്.

പുലയർ പറിച്ചുകൊണ്ടുവരുന്ന മരുന്നുകളിൽ വേണ്ടുന്നവയും വേണ്ടാത്തവയും ഉണ്ടായിരിക്കും. അവ തിരഞ്ഞെടുക്കുന്നതിന് ആ പുലയർക്കെന്നല്ല, ദേവസ്വക്കാർക്കും അറിഞ്ഞുകൂടാ. അതിനാൽ ദേവസ്വക്കാർ ആ മരുന്നുകളെല്ലാം കെട്ടി നേരം വൈകുമ്പോൾ മണ്ഡപത്തിൽ വെച്ചേക്കും. പിറ്റേദിവസം നേരം വെളുക്കുമ്പോൾ അവയിൽച്ചിലതെല്ലാം താഴെ വീണുകിടക്കുകയും ശേ‌ഷമെല്ലാം മണ്ഡപത്തിൽത്തന്നെ ഇരിക്കുകയും ചെയും., താഴെ വീണുകിടക്കുന്നവ കൊള്ളരുതാത്തവയെന്നു തീർച്ചയാക്കി കളയുകയും മണ്ഡപത്തിലിരിക്കുന്നവ ചേർത്ത് എണ്ണ കാച്ചുകയുമാണ് പതിവ്.

എണ്ണയ്ക്ക് അവിടെ ആരും പാകം നോക്കാറില്ല. എണ്ണ അരിക്കാനുള്ളദിവസം ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചാൽ എണ്ണയെടുത്ത് അടുപ്പത്തു വെച്ച് തീ കത്തിച്ച് ഇളക്കിക്കൊണ്ടിരിക്കും. കുറച്ചുനേരം കഴിയുമ്പോൾ ക്ഷേത്രത്തിനകത്തുനിന്നു ഒരു മണിനാദം കേൾക്കപ്പെടും. ഉടനെ എണ്ണ വാങ്ങി അരിക്കുകയും ചെയ്യും. അതാണ് അവിടത്തെ പാകം.

അല്ലാതെ അരക്കും മണലുമൊന്നുമല്ല.എണ്ണ അരിക്കുന്ന ദിവസങ്ങളിൽ അവിടെ ഉചപ്പൂജയ്ക്കു ദേവനുവിശേ‌ഷാൽ ഒരു ശർക്കരപ്പായസനിവേദ്യം പതിവുണ്ട്. അതിന് ‘എണ്ണപ്പായസം’ എന്നണ് പേരു പറഞ്ഞുവരുന്നതു. ആ പായസം ഉണ്ടു നോക്കിയാൽ അതിന് അവിടെ അരിക്കുന്ന എണ്ണയുടെ സ്വാദു നല്ലപോലെ ഉണ്ടായിരിക്കും. എങ്കിലും അതു ജനങ്ങൾ ഭക്തിയോടുകൂടി ഭക്ഷിക്കുകയല്ലാതെ കളയാറില്ല.

“തകഴിയിലമരും ശാസ്താവകമലരതിയായലിഞ്ഞു നമ്മൾക്കും
മികവൊടു സുഖമേകാനാസ്സകലശ്വരനെസ്സദാ നമിക്കുന്നേൻ.”

shortlink

Post Your Comments


Back to top button