Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റു വിഭജനത്തില്‍ ഇന്ന് തീരുമാനം, ജോര്‍ജിനെ ഒഴിവാക്കിയേക്കും

നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 17 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സീറ്റു വിഭജനത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇത് സംബന്ധിച്ച് ഇന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കും. അതേസമയം ചെറുകക്ഷികളെ മുന്നണിയിലെടുക്കുന്നകാര്യം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെങ്കിലും പി.സി. ജോര്‍ജിനെ കൂടെക്കൂട്ടേണ്ടെന്നാണ് ധാരണ.

നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 17 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുമോ എന്നുള്ളത് യോഗം കഴിഞ്ഞേ അറിയാനാകൂ. അതേസമയം ഒരു സീറ്റ് കൂടി മുസ്ലീം ലീഗ് അധികമായി ആവശ്യപ്പെടും. നേരത്തേ വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം തെരഞ്ഞെടുപ്പ് കഴിയും വരെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പടുന്ന പഴയ കെപിസിസി കമ്മിറ്റിയെ നിലനിര്‍ത്താനാണ് തീരുമാനം. ഇതിന് ഹൈക്കമാന്‍ഡ് പ്രത്യേക അനുമതി നല്‍കി. വര്‍ക്കിങ് പ്രസിഡന്റുമാരടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ പഴയ കമ്മിറ്റികള്‍ സാങ്കേതികമായി ഇല്ലാതായിരുന്നു.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുനസംഘടന പ്രായോഗികമല്ലെന്ന് വ്യക്തമായതോടെയാണ് പഴയ കമ്മിറ്റിയെ തുടരാന്‍ അനുവദിക്കണമെന്ന് കേരള നേതൃത്വം ആവശ്യപ്പെട്ടത്. ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇതോടെ പഴയ വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും അതേസ്ഥാനത്ത് തുടരും. ജനറല്‍ സെക്രട്ടറിമാര്‍ക്കുള്ള ജില്ലകളുടെ ചുമതലകള്‍ പുനക്രമീകരിക്കും. തിരഞ്ഞെടുപ്പിനുള്ള കമ്മിറ്റികള്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ അന്തിമ രൂപമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button