KeralaLatest NewsIndia

രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചു: അതീവ ഗുരുതരം

തൊടുപുഴ:കൊച്ചി : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍ പ്രതികരിച്ചു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ ശ്രമിക്കുന്നുമില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചെന്നും ഡോക്ടര്‍. ഏഴ് വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു.

ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇതു കണ്ട് പേടിച്ച്‌ കരഞ്ഞ മൂത്ത കുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴു വയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പത്ത് മാസം മുന്‍പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ 35 കാരനെ അമ്മ വിവാഹം കഴിക്കുകയായിരുന്നു.ചോദ്യം ചെയ്യലിനോട് സഹകരിക്കാനോ പൊലീസ് നിര്‍ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല.

അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button