Latest NewsKerala

അമേഠിക്ക് സംഭവിച്ചത് വയനാടില്‍ ആവര്‍ത്തിക്കപ്പെടരുത്: വിനയ് സഹസ്രബുദ്ധെ

തിരുവനന്തപുരം: വര്‍ഷങ്ങളോളം രാഹുലിന്റെയും കുടുംബത്തിന്റെയും മണ്ഡലമായിരുന്ന അമേഠിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ഡോ.വിനയ് സഹസ്രബുദ്ധെ എംപി. വികസനത്തില്‍ ഏറെ പിന്നിലുള്ള അമേഠിയുടെ അവസ്ഥ വയനാട്ടിലെ വോട്ടര്‍മാര്‍ തിരിച്ചറിയണം. അമേഠിക്ക് സംഭവിച്ചത് വയനാടില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കരുത്. വയനാട് സീറ്റ് തെരഞ്ഞെടുത്തതിന് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. രണ്ട് സീറ്റിലും രാഹുല്‍ പരാജയപ്പെടും. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വിശ്വാസ സംരക്ഷണത്തിന്, വികസന മുന്നേറ്റത്തിന്, കേരളവും മോദിയോടൊപ്പം” എന്നതാണ് മുദ്രാവാക്യം.

രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഹീനമായ രൂപമാണ് സംസ്ഥാന സര്‍ക്കാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കെ.സുരേന്ദ്രനോടും പ്രകാശ് ബാബുവിനോടും സ്വീകരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും ജയിലില്‍ അടക്കുകയും ചെയ്തത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്ന നിലപാടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള കമ്യൂണിസ്റ്റ് നീക്കത്തെ ചെറുത്തുതോല്‍പ്പിക്കും.
വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബിജെപി. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന കേരളം ചെകുത്താനും കടലിനും ഇടക്കാണ്. ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നു. കേരളത്തിന്റെ പ്രതീക്ഷ നിറവേറ്റാന്‍ എന്‍ഡിഎക്ക് സാധിക്കും. ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന പരിപാടിയില്‍ ഒ.രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ.സത്യകുമാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.പി.പി. വാവ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പ്രസിഡണ്ട് കുരുവിള മാത്യു, പിഎസ്പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡണ്ട് വി.വി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button