Kerala

രുചിവൈവിധ്യത്തിന്റെ മാമ്പഴക്കാലമൊരുക്കി കൊച്ചി മാംഗോ ഷോ

കൊച്ചി: മലേഷ്യന്‍ സ്വദേശിയായ സാഫി മാമ്പഴം, ഹുമയൂണ്‍ രാജാവിന് ഏറെ പ്രിയപ്പെട്ടതായിരുന്ന ഹിമാപസന്ത്, ആന്ധ്രയില്‍ നിന്നുള്ള മല്ലിക, ഗുജറാത്തില്‍ നിന്നുള്ള കേസാര്‍, വൈറ്റമിനുകളുടെ കലവറയായ ഹിമായുദ്ദീന്‍, പുളിയോട് കൂടിയ മധുരമുള്ള കച്ചമിഠ. വൈവിധ്യമാര്‍ന്ന രുചികളുടെ മാമ്പഴക്കാലമൊരുക്കുകയാണ് കൊച്ചിന്‍ മാംഗോ ഷോ.

എറണാകുളം മറൈന്‍ഡ്രൈവില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഷോ ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മാംഗോ ഷോയില്‍ നാവില്‍ തേനൂറും രുചിയുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി അറുപതില്‍പരം ഇനം മാമ്പഴങ്ങള്‍ മേളയിലുണ്ട്. ഇവയില്‍ പലതും ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 1200 രൂപ മുതല്‍ 50 രൂപ വരെ വിലയുള്ള വിവിധ ഇനം മാമ്പഴങ്ങളാണ് ഷോയിലുള്ളത്. കിലോയ്ക്ക് 1200 രൂപ വിലയുള്ള സാഫിയാണ് മേളയിലെ താരം. വലുപ്പം കുറവാണെങ്കിലും തേനൂറും രുചിയാണ് സാഫി മാമ്പഴത്തിന്. കിലോയ്ക്ക് 370 രൂപയാണ് ഹിമാപസന്തിന്റെ വില. കച്ചമിഠയ്ക്ക് 480 രൂപയും. രുമണി, അമ്പൂര്‍ നീലം, പ്രിയൂര്‍, മല്‍ഗോവ, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, അല്‍ഫോന്‍സ, രത്‌നഗിരി, ബങ്കനപ്പള്ളി, സേലം തുടങ്ങിയ ജനപ്രിയ ഇനങ്ങളും മേളയിലുണ്ട്. റസ്പൂരി, ഹരിവങ്ക തുടങ്ങിയ അപൂര്‍വ്വ ഇനങ്ങളും മേളയിലെത്തും. വിഷാംശമില്ലാത്ത ജൈവ രീതിയില്‍ കൃഷി ചെയ്ത മാമ്പഴങ്ങളാണ് ഇവിടെയുള്ളത്.

60 വ്യത്യസ്ത ഇനം മാവിന്‍ തൈകളും ഷോയുടെ ഭാഗമായി മിതമായ നിരക്കില്‍ ലഭ്യമാകും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലയളവിനുള്ളില്‍ കായ്ക്കുന്ന വിവിധയിനം മാവിന്‍തൈകള്‍ വില്‍പ്പനയ്ക്കുണ്ട്. വിവിധയിനം പ്ലാവിന്‍ തൈകള്‍, ജാതി, കശുമാവ്, റമ്പൂട്ടാന്‍, ബെയര്‍ ആപ്പിള്‍, ലിച്ചിപ്പഴം, ബറാബ ഫ്രൂട്ട് തുടങ്ങിയ തൈകളും മേളയിലുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള നാംഡോഗ് മായ് ഇനത്തിലുള്ള മാവിന്‍ തൈ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇനമാണ്. 350 രൂപയാണ് ഒരു തൈയുടെ വില. എട്ടടി വീരന്‍ എന്നറിയപ്പെടുന്ന ഈ മാവില്‍ എന്നും മാങ്ങ കായ്ക്കുമെന്നതാണ് പ്രത്യേകത. അധികം പൊക്കവുമുണ്ടാകില്ല. കൂടാതെ ചെടികളും വില്‍പ്പനയ്ക്കുണ്ട്.

എറണാകുളം അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മാംഗോ ഷോ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 9 മണി വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫെസ്റ്റ് 19 ന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button