KeralaLatest NewsElection News

തപാല്‍ ബാലറ്റ് തട്ടിയെടുത്തത് ഭീഷണിയിലൂടെ; സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഗുരുതര വീഴ്ചകള്‍ പുറത്ത്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ തപാല്‍ വോട്ട് തിരിമറി തടയുന്നതിലും മുന്‍കൂട്ടി അറിയിക്കുന്നതിലും പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിനും കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച. പൊലീസുകാരൂടെ തപാല്‍ ബാലറ്റ് ഭീഷണിപ്പെടുത്തി കൈക്കലാക്കാന്‍ പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും ശ്രമിക്കുന്നതായി വോട്ടെടുപ്പിനു മുന്‍പു തന്നെ വാര്‍ത്ത വന്നിരുന്നു. പൊലീസ് സ്റ്റേഷനുകള്‍, ബറ്റാലിയനുകള്‍, സ്‌പെഷല്‍ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇത്.

സ്റ്റേഷനുകളിലെ പൊലീസുകാരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തപാല്‍ വോട്ടിന്റെ അപേക്ഷകള്‍ മിക്കയിടത്തും അസോസിയേഷന്‍ പ്രതിനിധികള്‍ സ്വന്തമാക്കിയത് ഇവരുടെ കണ്‍മുന്‍പിലാണ്. മാത്രമല്ല, ഏതെങ്കിലും സ്റ്റേഷനില്‍ ഒരു പൊലീസുകാരന്റെ പേരില്‍ ഒന്നിലധികം തപാല്‍ ബാലറ്റുകള്‍ എത്തിയാലും ഇക്കാര്യം ക്രമവിരുദ്ധമാണെന്നു കണ്ട് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷവും സിപിഎം അനുകൂല അസോസിയേഷനുകളുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. അതിനാല്‍ ക്രമക്കേടു റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം ഈ വിഭാഗത്തിലെ പലരും തപാല്‍ ബാലറ്റ് കൈമാറാന്‍ പൊലീസുകാരെ പ്രേരിപ്പിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.

എന്നാല്‍ ഇത്തരം സംഭവം ഉണ്ടായെന്ന് അറിവ് ലഭിച്ച സമയത്ത് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആദ്യം പരാതിപ്പെട്ടപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പൊലീസ് അധികൃതരോട് വിശദീകരണം തേടി. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗത്തോടു കാര്യങ്ങള്‍ തിരക്കുക പോലും ചെയ്യാതെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന മട്ടിലായിരുന്നു നടപടി. പിന്നീടു തപാല്‍ ബാലറ്റ് ഭീഷണിയിലൂടെ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തു വന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വീണ്ടും റിപ്പോര്‍ട്ട് തേടി.

പിന്നീട് ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ ജില്ലകളില്‍ പ്രാഥമിക അന്വേഷണം നടത്തി എഡിജിപിക്കു വിവരം കൈമാറുകയാണുണ്ടായത്. എന്തുകൊണ്ട് ഇത് ഇവര്‍ നേരത്തെ ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒത്തുകളികളിലൂടെയാണ് ഇത്രയധികം തിരിമറികള്‍ നടന്നു എന്നത് ദിനം പ്രതി വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഭരിക്കുന്നവുടെയും മേലെ തട്ടിലെ ഉദ്യോഗസ്ഥരുടെയും അറിവില്ലാതെ ഇത്രയും വലിയ വീഴ്ചകള്‍ നടന്നു എന്ന് വാദിക്കുന്നത് അവിശ്വസനീയം മാത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ പോലീസുകാരുടെ സ്വതന്ത്ര വോട്ടവകാശമാണ് ഇല്ലാതാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button