KeralaLatest News

‘പ്രതിസന്ധി ഘട്ടങ്ങളില്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നത് നിങ്ങള്‍’ ; തൃശൂരിനോട് യാത്ര പറഞ്ഞ് ടി വി അനുപമ

തൃശൂര്‍: തൃശൂരിനോട് വിട പറഞ്ഞ് കളക്ടര്‍ ടിവി അനുപമ. സഹപ്രവര്‍ത്തകരുടെ ഉറച്ച പിന്തുണയാണ് പ്രളയമുള്‍പ്പെടെയുളള പ്രതിസന്ധി ഘട്ടങ്ങളില്‍ ജില്ലയെ നയിക്കാന്‍ തനിക്ക് ഊര്‍ജ്ജമായതെന്ന് ടി വി അനുപമ. സ്ഥാനമൊഴിയുന്ന വേളയില്‍ കളക്ടറേറ്റ് ജീവനക്കാര്‍ നല്‍കിയ യാത്രയപ്പിന് മറുപടി പറയുകയായിരുന്നു അവര്‍. ഉറച്ച നിലപാടുകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. സ്ഥാനമൊഴിഞ്ഞ ശേഷം തുടര്‍പരിശീലനത്തിനായി അനുപമ മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുക്കുന്നത്. അതിന് മുന്‍പ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ആലപ്പുഴ ജില്ലാ കലക്ടറായിരുന്നപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടത്തിലൂടെ അനുപമ കേരള ശ്രദ്ധയാകര്‍ഷിച്ചു. തൊട്ടുപിന്നാലെയായിരുന്നുതൃശൂരിലേക്കുള്ള സ്ഥലംമാറ്റം. പ്രളയം വന്നപ്പോള്‍ ജനത്തിനൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ കൃത്യമായി കയ്യടക്കത്തോടെ ചെയ്യാനും അനുപമ കാട്ടിയ മിടുക്ക് പ്രശംസിക്കപ്പെട്ടു. അവസാനം തൃശൂര്‍ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമടക്കമുള്ള വിവാദങ്ങളിലും അനുപമയുടെ നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കലക്ടര്‍ സജീവശ്രദ്ധ നേടി. നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലില്‍ അനുപമ പങ്കെടുത്തത് വന്‍ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതോടെ അനുപമയ്ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. ‘അനുപമ ക്ലിന്‍സണ്‍ ജോസഫ്’ എന്ന് എടുത്ത് പറഞ്ഞ സുരേഷ്ഗോപിയുടെ ഹൈന്ദവ വിരുദ്ധതകൊണ്ടാണ് കലക്ടര്‍ നോട്ടീസയച്ചതെന്നും നവമാധ്യമങ്ങളിള്‍ ആക്ഷേപിമുയര്‍ന്നു. അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ അധിക്ഷേപവാക്കുകളും അസഭ്യവാക്കുകളും നിറഞ്ഞു.

തന്റെ കാലത്തെ വിവാദങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു ചുരുങ്ങിയ വാക്കുകളിലെ നന്ദിപ്രകടനം. കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യാത്രയയപ്പ് ചടങ്ങ് നടത്തിയത്. എഡിഎം റെജി പി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് വിജയന്‍, പി അനില്‍കുമാര്‍, ജെസിക്കുട്ടി മാത്യു, ആര്‍ഡിഒ പി എ വിഭൂഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനുപമ സ്ഥാനമൊഴിഞ്ഞതോടെ തൃശൂരിലെ പുതിയ കളക്ടറായി എസ് ഷാനവാസ് ചുമതലയേല്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button