KeralaLatest NewsNews

‘മദ്യം എന്ന പിശാചിന്റെ പരിധിയെ പറ്റി ചോദിച്ചാല്‍ അതിന് ഒരു പരിധിയുമില്ല’; സ്വന്തം അനുഭവം വെളിപ്പെടുത്തി പ്രവാസി മലയാളിയുടെ കുറിപ്പ്

മദ്യപാനം എത്രയോ കുടുംബങ്ങള്‍ തകര്‍ത്തിട്ടുണ്ട്. മദ്യം സൃഷ്ടിക്കുന്ന കൊടും നരകത്തെ കുറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവാസി എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്. ആറന്മുള സ്വദേശിയും ജിദ്ദയില്‍ എന്‍ജനിയറുമായ അജിത് നീര്‍വിളാകനാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

പോസ്റ്റ് വായിക്കാം

മദ്യം എന്ന കൊടും നരകം
——————
നാലോ അഞ്ചോ വയസ്സിൽ, എന്റെ ബുദ്ധി ചെറുനാളമായി തെളിയാൻ തുടങ്ങിയ കാലത്ത് തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധവും എനിക്ക് കൂട്ടിനുണ്ടായിരുന്നു. എന്റെ ബാല്യ കൗമാര യൗവ്വന കാലത്തെ എല്ലാ കുസൃതികളെയും, കൂടിച്ചേരലുകളെയും തല്ലിക്കെടുത്തിയ, കുടുംബത്തിന്റെ മുഴുവൻ സന്തോഷങ്ങളേയും അടുക്കളയുടെ നാലു ചുവരുകളിൽ ഗദ്ഗദങ്ങളായി തളച്ചിട്ട നീണ്ട രണ്ട് പതിറ്റാണ്ടുകൾ. ചെറിയ തെറ്റുകൾക്ക് പോലും (ചിലപ്പോൾ ഒന്നുമില്ലായ്മക്ക് പോലും) അതിഭീകരമായ മർദ്ദനമുറകൾ നേരിടേണ്ടി വന്ന ഇരുപത്തിരണ്ട് വർഷങ്ങൾ എന്റെ ജീവിതത്തിലെ കറുത്ത ഏടുകളായി മരണം വരെയും കുറിക്കപ്പെടും. മദ്യം എന്ന പിശാചിന്റെ പരിധിയെ പറ്റി ചോദിച്ചാൽ അതിന് ഒരു പരിധിയുമില്ല എന്ന് അനുഭവസ്ഥർക്ക് മാത്രമേ പറയാൻ കഴിയു. പരിഹാസശരങ്ങൾ മുറിപ്പെടുത്തുന്ന മനസ്സുമായി ബാല്യകൗമാരത്തിൽ തല താഴ്ത്തി നടന്ന ഗതികേടിനെയാണോ പിന്നീട് സ്പോണ്ടിലോസിസ് ആയി നേരിടേണ്ടി വന്നത് എന്ന് പോലും എനിക്ക് തോന്നാറുണ്ട്. മദ്യം എന്ന ഒറ്റയാൾ ഭ്രാന്തിന് മുന്നിൽ അടിയറവ് വയ്ക്കേണ്ടി വന്നത് കുടുംബത്തിന്റെ അഭിമാനം മാത്രമല്ല, സമ്പത്ത്, സംസ്കാരം, ബന്ധുക്കൾ, സൗഹൃദങ്ങൾ, സാമൂഹിക പരിസരങ്ങൾ അങ്ങനെ എണ്ണിയാൽ തീരാത്തവ. അപ്പോഴും മദ്യം അവിടെ ഉന്മാദ നൃത്തമാടി, പച്ചയായി പറഞ്ഞാൽ അറുമ്മാദിച്ചു. താൻ ചെയ്യുന്ന കൊടും ക്രൂരതകളെ ഓർത്ത് ഒരിക്കലും പശ്ചാത്തപിക്കാത്ത മദ്യം കൊണ്ട് പക്ഷേ എനിക്ക് ജീവിതത്തെ നേരെ നടത്താൻ കഴിഞ്ഞു എന്നതാണ് അതിന്റെ മറുവശം.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഏറ്റവും തീരാവേദനകൾ സമ്മാനിച്ച് കുടുംബത്തിന്റെ അടിവേരിളക്കി മദ്യം അതിന്റെ ഉന്മാദ നൃത്തമാടിയ ഘട്ടത്തിൽ ഒരിക്കൽ പതിവ് ക്ഷേത്ര ദർശനത്തിന് പോയ ഞാൻ, കണ്ണുകളിൽ രക്തം നിറച്ച്, തിരുമുമ്പിൽ സ്രാഷ്ടാംഗം പ്രണമിച്ച് ഒരു പ്രതിജ്ഞയെടുത്തു. ജീവിതത്തിൽ ഏത് കഠിന സാഹചര്യത്തിലും മദ്യപിക്കില്ല എന്ന്. ആ പ്രതിജ്ഞ എനിക്ക് നേടിത്തന്നത് രണ്ട് ഗുണങ്ങളാണ്. ഒന്ന് ഏത് കഠിന ഘട്ടത്തേയും വർദ്ധിച്ച ആർജ്ജവത്തോടെ നേരിടാനുള്ള ആത്മവിശ്വാസം, രണ്ട് മദ്യം എന്ന മഹാവിപത്തിനെ അകറ്റി നിർത്താനുള്ള ചങ്കുറപ്പ്. പ്രൊഫഷണൽ കോളേജ് കാലഘട്ടങ്ങളിൽ റാഗിംഗിന്റെ കഠിനതകളിൽ എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ബലമായിട്ടു പോലും മദ്യപിപിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പുകളായിരുന്നു. അത്ര തീവ്രമായ സാഹചര്യങ്ങളിൽ പോലും ഒരു തുള്ളി മദ്യം പോലും എന്റെ ശരീരത്തിൽ കടത്തില്ല എന്ന എന്റെ പ്രതിജ്ഞയിൽ ഉറച്ച് നിൽക്കാൻ കഴിഞ്ഞു എന്നത് ഇന്നും എനിക്ക് സ്വയാർജ്ജവം നൽകുന്ന വിഷയം തന്നെയാണ്.

മദ്യത്തിന്റെ എല്ലാം മറന്നുള്ള ഉന്മാദ നൃത്തം ആ കാലഘട്ടങ്ങളിൽ അപമാനിതനായി തല കുനിച്ച് നടക്കേണ്ട അവസ്ഥ ഉണ്ടാക്കിയപ്പോൾ മറ്റൊരു വശത്ത് ആ തീവ്രത അനുഭവിച്ച് ഉരുകിയ മനസ്സ് പതിയെ പതിയെ ഏത് ഘട്ടങ്ങളേയും അനുഭവിക്കാൻ പാകപ്പെടുത്തപ്പെട്ടു എന്നതാണ് ശരി. ഇന്ന് ഏത് വിവാദങ്ങളേയും, വിക്രിയകളേയും, വികടതകളേയും, വാക്പയറ്റുകളേയും അതിന്റെ ഗുണങ്ങളും ന്യൂനതകളും മനസ്സിലാക്കി, ഏത് സാഹചര്യത്തിലും തളരില്ല എന്ന് ഉറച്ച നിലപാടിലെത്താൻ എന്നെ സഹായിച്ചത് ഇരുപത്തി രണ്ട് വർഷത്തോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മദ്യപിശാചിന്റെ നരകയാതനകൾ ആയിരുന്നു എന്നാേർക്കുമ്പോൾ നന്ദി പറയാതെ വയ്യ.

ഊഹാപോഹങ്ങളുടെ ബലമില്ലാത്ത അടിത്തറയിൽ നിന്ന് എന്നെക്കുറിച്ച് കഥകൾ മെനയുന്നവരുടെയും, അത് ഉളുപ്പില്ലാതെ പ്രചരിപ്പിക്കുന്നവരുടെയും, അതിൽ മറുപക്ഷത്ത് നിൽക്കുന്ന് സ്വയം സന്തോഷിക്കുന്നവരുടെയും, ഉള്ളിൽ സന്തോഷം നിറച്ച് കൂടെ നിന്ന് നാടക കണ്ണീർ വാർക്കുന്നവരുടെയു, വീഴ്ചയിൽ ആഹ്ലാദിക്കുന്നവരുടെയും, കൂടെ നടന്നിട്ട് നിഷ്കരുണം പെരുവഴിയിൽ ഉപേക്ഷിച്ച് പോകുന്നവടെയും, മുന്നിലൂടെ ഇന്ന്, എന്റെ ശരികളിൽ ഉറച്ച് നിന്ന്, തുറന്ന മനസ്സോടെ, തല ഉയർത്തി നടക്കാൻ എന്നെ സഹായിച്ചത് ആ പഴയ നരക കാലഘട്ടമാണന്ന് ഉറപ്പിച്ച് പറയാം.

ഇന്നും മദ്യം എന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉപയോഗിക്കുന്ന വ്യക്തികൾ മാറുന്നു എന്നു മാത്രം. ഇന്നും എനിക്ക് വ്യവസ്ഥപ്പെടാൻ കഴിയാത്ത ഒരേയൊരു കൂട്ടർ മദ്യപാനികൾ മാത്രമാണ്. ഒരു കൊലപാതകിയെ ഇഷ്ടപ്പെട്ടാൽ പോലും ഒരു മദ്യപാനിയെ അംഗീകരിക്കാൻ കഴിയില്ല എന്ന എന്റെ മനസ്സിന്റെ വികലതയെ അംഗീകരിക്കുന്നവർ മാത്രമേ എന്റെ സൌഹൃദം പോലും ആഗ്രഹിക്കാവു.

https://www.facebook.com/photo.php?fbid=10218355893800651&set=a.4593566809150&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button